ഖത്തറില്‍ മൊബൈല്‍ ഗെയ്‌മുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

untitled-1-copyദോഹ: ഖത്തറില്‍ മൊബൈല്‍ ഫോണുകളിലെ ചില ഗെയ്‌മുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തി. കുട്ടകള്‍ കളിക്കുന്ന ചില ഗെയ്‌മുകള്‍ക്കെതിരെ രക്ഷിതാക്കള്‍ക്കുളള മുന്നറിയിപ്പുമായാണ്‌ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്‌. കുട്ടികള്‍ വഴിതെറ്റിപോകുന്ന ഗെയ്‌മുകള്‍ക്കെതിരെ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കമമെന്നാണ്‌ മന്ത്രാലയം നിര്‍ദേശിക്കുന്നത്‌. ഇക്കാര്യത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും അതിന്റെ സുരക്ഷിതമായ ഉപയോഗത്തിനും ലക്ഷ്യമിട്ട്‌ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ്‌ പുതിയ നിര്‍ദേശം പുറത്തുവിട്ടിരിക്കുന്നത്‌. രക്ഷിതാക്കള്‍ക്കായി അറബിയിലുള്ള മാര്‍ഗരേഖയും മന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പല ഗെയ്‌മുകളും കുട്ടികളെ തെറ്റായ വഴിയിലേക്ക്‌ നയിക്കാനുള്ള സാഹചര്യം കൂടുതലാണ്‌. അതുകൊണ്ടു തന്നെ രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഇത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇലക്ട്രോണിക്‌ ഗെയിമുകളെ വിശദമായി പരിചയപ്പെടുത്തുന്നതാണ്‌ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശം. ഗെയ്‌മുകളില്‍ ഉപയോഗിക്കുന്ന സിമ്പലുകള്‍, ഐക്കണുകള്‍ എന്നിവയുടെ തരംതിരിവിനെക്കുറിച്ചും ഇത്‌ ഉപയോഗിക്കാന്‍ നിശ്ചയിക്കപ്പെട്ട പ്രായ പരിധിയെക്കുറിച്ചും മുതിര്‍ന്നവര്‍ക്ക്‌ മാത്രം ഉപയോഗിക്കുന്നതിനുള്ള അടയാളങ്ങളും മന്ത്രാലയം പരിചയപ്പെടുത്തുന്നുണ്ട്‌. ഇതില്‍ അക്രമ വാസനയുള്ള ചൂതാട്ടത്തിന്‌ പ്രേരണ നല്‍കുന്നതുമായി ഗെയ്‌മുകളയും തരംതിരിച്ച്‌ മാര്‍ഗനിര്‍ദേശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. നിലവില്‍ അറബിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദേശം മറ്റ്‌ ഭാഷകളിലും പ്രസിദ്ധീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല.