ദോഹയില്‍ ഷോപ്പിങ്‌ മാളുകളില്‍ പാര്‍ക്കിങ്‌ ഫീസന്‌ വാണിജ്യമന്ത്രാലയത്തിന്റെ നിയന്ത്രണം

Untitled-1 copyദോഹ: ഷോപ്പിങ്‌ മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന്‌ ഈടാക്കുന്ന പാര്‍ക്കിങ്‌ ഫീസന്‌ വാണിജ്യമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിവരുന്ന എല്ലാ പാര്‍ക്കിങ് ഫീസ് സ്ളാബുകള്‍ നിശ്ചയിക്കുന്നതിന് മുമ്പായി മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടിയിരിക്കണം.  പാര്‍ക്കിങിനായി പണം ഈടാക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ബാധകമാകും. വി.ഐ.പി ഉപഭോക്താക്കള്‍ക്കായുള്ള വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ക്ക് പണമീടാക്കുന്നതും ഇതിന്‍െറ പരിധിയില്‍ വരും.
നിലവില്‍ പാര്‍ക്കിങിനായി പണം ഈടാക്കിവരുന്നവരും, ഈടാക്കുന്ന പാര്‍ക്കിങ് നിരക്കില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്ന വ്യാപാരസ്ഥാപനങ്ങളും 60 ദിവസത്തിനകം പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അംഗീകാരം വാങ്ങണമെന്ന് പ്രസ്താവനയില്‍ പറയുന്നു.
പ്രാദേശിക വിപണിയിലെ വിവിധ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രോഫിറ്റ് മാര്‍ജിന്‍ ബിസിനസ്സുകള്‍ക്കും വിലനിലവാരം നിശ്ചയിക്കുന്ന മന്ത്രാലയത്തിലെ പ്രത്യേക സമിതിയായിരിക്കും പാര്‍ക്കിങ് ഫീസ് സംബന്ധിച്ച നിരക്കുകളും നിശ്ചയിക്കുക. അതേ സമിതിക്കാണ് സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കേണ്ടതും. പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഈ രംഗത്തെ ഗുണമേന്മ വര്‍ധിപ്പിക്കാനായുള്ള മന്ത്രാലയത്തിന്‍െറ നീക്കം. ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തിന്‍െറ ഹോട്ട് ലൈന്‍ നമ്പര്‍ (16001), ഇ-മെയില്‍: info@mec.gov.qa, ട്വിറ്റര്‍: @MEC_QATAR, മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനായ MEC_QATARലോ ഇതുസംബന്ധിച്ച നിയമലംഘനങ്ങള്‍ പരാതിപ്പെടാവുന്നതാണ്.

നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളില്‍ അരമണിക്കൂര്‍ നേരം ചെലവഴിക്കുകയും പാര്‍ക്കിങ് സ്ഥലം കണ്ടത്തൊനാകാതെ മടങ്ങുകയും ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് നിബന്ധനയുണ്ട്.
കൂടാതെ, ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും, ഇവിടെനിന്ന് വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. എല്ലാ മാളുകളും വ്യാപാരസ്ഥാപനങ്ങളും തങ്ങള്‍ ഈടാക്കുന്ന പാര്‍ക്കിങ് ഫീസ് നിരക്കും, വാലറ്റ് പാര്‍ക്കിങ് സേവനങ്ങളുടെ നിരക്കും സ്ഥാപനങ്ങളുടെ പ്രധാന കവാടങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. മന്ത്രാലയത്തിന്‍െറ അനുമതിയോടയല്ലാതെ പാര്‍ക്കിങ് സ്ഥലത്തിന്‍െറ ഒരുഭാഗം മറ്റൊരു പാര്‍ട്ടിക്ക് വാടകക്ക് നല്‍കാനും പാടില്ല.