മെട്രോ അടക്കമുള്ള സമഗ്ര റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി മുന്നേറുന്നു: ഖത്തര്‍ റെയില്‍

images (2)ദോഹ: രാജ്യത്തു നടപ്പാക്കി വരുന്ന മെട്രോ ഉള്‍പ്പെടെയുള്ള സമഗ്ര റെയിവേ ശൃംഖയുടെ നിര്‍മാണം സമയ ബന്ധിതമായി മുന്നേറുന്നുവെന്ന് ഖത്തര്‍ റെയില്‍ അധികൃതര്‍. സമഗ്ര റെയില്‍വേ പദ്ധതിയുടെ ഭാഗമായി ഇതുവരെ നടപ്പാക്കിയ പദ്ധതികളും ഇപ്പോള്‍ നടപ്പാക്കി വരുന്ന പദ്ധതികളുടേയും പുരോഗതിയെ കുറിച്ച് വിശദീകരിക്കാന്‍ ഡിപ്ലൊമാറ്റിക് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എഞ്ചിനിയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് തുര്‍ക്കി ആല്‍സുബേഇയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് സമഗ്രമായ ഗതാഗത സംവിധാനം ഒരുക്കുകയെന്ന ഖത്തര്‍ ദേശീയ വീക്ഷണം 2030ന്റെ ഭാഗമായി നടപ്പാക്കുന്ന സമഗ്രമായ റെയില്‍വേ പദ്ധതി ആസൂത്രണം ചെയ്തതിലും വേഗതയിലാണ് ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.
35 ബില്യണ്‍ (3,500 കോടി) ഡോളര്‍ ചെലവു വരുന്ന ഈ വന്‍ പദ്ധതിയില്‍ മൂന്നു പ്രധാന റെയില്‍വേ പദ്ധതികളാണ് നടപ്പാക്കുന്നത്. ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് (എല്‍ ആര്‍ ടി). ദീര്‍ഘദൂര യാത്രാ ചരക്കു വണ്ടികള്‍ക്കായുള്ള റെയില്‍വേ എന്നിവയാണ് അവ. ലോകത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ പരിസ്ഥിതി സൗഹൃദ ആധുനിക റെയില്‍വേ ശൃംഖല ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റെയില്‍വേ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.
വളരെ കുറഞ്ഞ സമയംകൊണ്ട് റെയില്‍വേ പദ്ധതി ഏറെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ഖത്തര്‍ റെയില്‍ സി ഇ ഒ എഞ്ചിനിയര്‍ സഅദ് ആല്‍മുഹന്നദി പറഞ്ഞു. ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതികള്‍ക്കായി 32 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ നല്‍കിക്കഴിഞ്ഞു. മെട്രോ പദ്ധതി സമയബന്ധിതമായി മുന്നേറുമ്പോള്‍ എല്‍ ആര്‍ ടി പദ്ധതി ഏറെ മുന്നോട്ടു പോയിട്ടുണ്ട്. 350 കിലോമീറ്റര്‍ വരുന്ന യാത്രാ ചരക്കു റെയില്‍ പാതയുടെ സാങ്കേതിക വാണിജ്യ പഠനം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2017ല്‍ പൂര്‍ത്തിയാവുന്ന ലുസൈലിലെ എല്‍ ആര്‍ ടി പദ്ധതിയുടെ ടണല്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി. സ്റ്റേഷനുകള്‍ക്കായുള്ള ഡ്രില്ലിംഗ് ജോലികള്‍ 60 ശതമാനവും അല്‍ഖോറിനേയും ലുസൈല്‍ എല്‍ ആര്‍ ടിയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ 50 ശതമാനവും പൂര്‍ത്തിയായി. ലുസൈലിലെ എനര്‍ജി സിറ്റി അണ്ടര്‍ ഗ്രൗണ്ട് മെട്രോ സ്റ്റേഷന്റെ 100 ശതമാനം സിവില്‍ ജോലികളും പൂര്‍ത്തിയായി. ഇതര സ്റ്റേഷനുകളുടെ സിവില്‍ വര്‍ക്കുകളും 60 മുതല്‍ 95 ശതമാനം വരെ പൂര്‍ത്തിയായിട്ടുണ്ട്.
വന്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ഖത്തറില്‍ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപത്തിന്റെ 25 ശതമാനവും റെയില്‍വേ പദ്ധതിക്കാണെന്ന് ഖത്തര്‍ റെയില്‍ ഡെപ്യൂട്ടി സി ഇ ഒയും ചീഫ് പ്രോഗ്രാം ഓഫീസറുമായ എഞ്ചിനിയര്‍ ഹമദ് ആല്‍ബിഷ്‌റി പറഞ്ഞു. മെട്രോയ്ക്കായി ടണലുകള്‍ നിര്‍മിക്കാന്‍ ഏറ്റവും നൂതനമായ ടണല്‍ ബോറിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. പത്തു സ്ഥലങ്ങളില്‍ ഈ മെഷീനുകള്‍ ഉപയോഗിക്കും. ഇതുമൂലം അതിവേഗം ടണലുകള്‍ തുരക്കാനും അതേ സമയം തന്നെ അത് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാനും മണ്ണും കല്ലും പരിസരമലിനീകരണം കൂടാതെ പുറത്തേക്ക് എത്തിക്കാനും കഴിയും. ദോഹ മെട്രോയുടെ മുഖ്യ സ്റ്റേഷന്‍ മുശൈരിബ് ആയിരിക്കുമെന്നും അതിന്റെ നിര്‍മാണം പുരോഗമിച്ചു വരികയാണെന്നും ബിഷ്‌റി പറഞ്ഞു.
റെയില്‍വേ ശൃംഖലയുടെ നിര്‍മാണത്തിനായി ഏറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഓരോ തൊഴിലാളിക്കും ലോക നിലവാരമുള്ള സുരക്ഷാ പരിശീലനം നല്‍കിയാണ് ജോലിക്കായി നിയോഗിക്കുന്നത്. സുരക്ഷാ പരിശീലനം തുടര്‍പ്രക്രിയയാണെന്നും അത് വന്‍ വിജയമാണെന്നും ബിഷ്‌റി വ്യക്തമാക്കി. ലുസൈല്‍ എല്‍ ആര്‍ ടി കരാര്‍ ഏറ്റെടുത്തിട്ടുള്ള ഖത്തര്‍ ഫ്രഞ്ച് സംയുക്ത സംരംഭമായ ക്യു ഡി വി സിക്ക് വന്‍ സൗകര്യങ്ങളുള്ള സുരക്ഷാ പരിശീലന കേന്ദ്രമാണ് ഉള്ളത്. റെയില്‍വേ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ച ശേഷം ഇതുവരെ തൊഴില്‍ സ്ഥലത്ത് യാതൊരപകടവും ഉണ്ടായിട്ടില്ലെന്നും ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
ദോഹ മെട്രോ അടക്കമുള്ള പദ്ധതികളെ കുറിച്ച് ഖത്തര്‍ റെയില്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ സാറ ആല്‍മുഹന്നദി വിശീകരിച്ചു. വാര്‍ത്താ സമ്മേളനത്തിനു ശേഷം രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ലുസൈല്‍ എല്‍ ആര്‍ ടി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതികള്‍ വിലയിരുത്താന്‍ ഖത്തര്‍ റെയില്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു.
ഹമദ് ആല്‍ബിഷ്‌റിയും ക്യു ഡി വി സി കമ്പനിയുടെ ഉയര്‍ന്ന മാനേജര്‍മാരും പ്രവര്‍ത്തനങ്ങള്‍ വിശദമായി വിവരിച്ചു. ഇതാദ്യമായാണ് ഖത്തര്‍ റെയില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമഗ്രമായി മനസ്സിലാക്കാന്‍ അവസരം ഒരുക്കുന്നത്.