ഖത്തറില്‍ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് 10 ന്

ദോഹ: ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തുന്നു. യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍, വനിതാ യുവജന സംഘടനയായ ഫോക്കസ് ലേഡീസ് എന്നിവര്‍ സംയുക്തമായാണ് അബു ഹമൂര്‍ മെഡിക്കല്‍ കമ്മീഷനില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

പത്താം തിയ്യതി രാവിലെ 7.30 മുതല്‍ 11 വരെ വനിതാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് ആറുവരെ പുരുഷ തൊഴിലാളികള്‍ക്കുമാണ് പരിശോധന. രണ്ടായിരത്തിലേറെ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കും.

ഇതിന്റെ ഭാഗമായി സൗജന്യ മരുന്ന് വിതരണം, തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, സൗജന്യ ഭക്ഷണ വിതണം തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി നടക്കും. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആഭ്യന്തര മന്ത്രാലയം ഒരുക്കുന്ന പ്രഥമ ശുശ്രൂഷാ ബോധവല്‍ക്കണം, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫിസിയോതെറാപ്പി സെക്ഷന്‍ എന്നിവയും ഉണ്ടായിരിക്കും.