ഖത്തറിലെ സൂഖ് ഹറാജ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തേക്ക് മാറ്റുന്നു

Souqദോഹ: ഖത്തറിലെ പ്രശസ്തമായ സെക്കന്റ് ഹാന്റ് മാര്‍ക്കറ്റായ സൂഖ് ഹറാജ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തേക്ക് മാറ്റുന്നു. 2017 പകുതിയോടെ പുതിയ സ്ഥലത്ത് സൂഖ് ഹറാജ് ആരംഭിക്കാനുള്ള പരിപാടികളാണ് നടക്കുന്നത്.

ട്രിപ്പിള്‍ എ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയാണ് 206 മില്ല്യന്‍ റിയാല്‍ ചെലവില്‍ സൂഖ് ഹറാജിന്റെ നിര്‍മാണവും പ്രവര്‍ത്തനവും ഏറ്റെടുത്തിരിക്കുന്നത്. ചെറിയ സ്ഥലം കുറഞ്ഞ വാടകയ്ക്ക് നല്കാനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. താങ്ങാനാവുന്ന വാടകയാണ് സൂഖ് ഹറാജില്‍ ഉണ്ടാവുക. പ്രതിമാസം 3500 റിയാലായിരിക്കും വാടകയെന്നാണ് മിനിസ്ട്രി ഓഫ് ഇക്കണമി ആന്റ് കൊമേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

എയര്‍പോര്‍ട്ടിന് സമീപത്തെ ഉംബഷറില്‍ 35,000 ചതുരശ്ര മീറ്ററിലാണ് സൂഖ് ഹറാജിന്റെ രൂപകല്‍പ്പന നടത്തുന്നത്. ബര്‍വ വില്ലേജിന്റെ പടിഞ്ഞാറു ഭാഗത്ത് എഫ് റിംഗ് റോഡില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് പുതിയ സ്ഥലം.

നിലവില്‍ നജ്മയില്‍ പ്രവര്‍ത്തിക്കുന്ന സൂഖ് ഹറാജ് പുതിയ സ്ഥലത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഖത്തറിന്റെ ചരിത്രപരമായ മൂല്യങ്ങള്‍ കാത്തുവെച്ചുകൊണ്ടുള്ളതാണ് പുതിയ ഡിസൈന്‍. 324 യൂണിറ്റുകളാണ് പുതിയ സൂഖില്‍ ഉണ്ടാവുക. പ്രതിമാസ വാടക ചതുരശ്ര മീറ്ററിന് 54 റിയാലായിരിക്കും.

വിശാലമായ പാര്‍ക്കിംഗ് ഏരിയ കൂടി ഉള്‍പ്പെടുന്ന പുതിയ സൂഖില്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പ്രത്യേക സ്ഥലം അനുവദിക്കും.

ഇപ്പോള്‍ സൂഖ് ഹറാജ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഹോട്ടലുകളും കൊമേഴ്‌സ്യല്‍ സെന്ററും ഉള്‍പ്പെടുന്ന ഹറാജ് സിറ്റി സെന്ററാണ് ഉയരുക.