Section

malabari-logo-mobile

ഖത്തരി യുവാക്കള്‍ക്ക്‌ നിര്‍ബന്ധിത സായുധ സൈനീക പരിശീലനം നല്‍കുന്നു

HIGHLIGHTS : ദോഹ: ഖത്തരി യുവാക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത സൈനിക പരിശീലന പദ്ധതിയുടെ ഭാഗമായി സായുധ പരിശീലനവും നല്‍കുന്നു. ഇതുള്‍പ്പെടുത്തി ദേശീ...

Untitled-1 copyദോഹ: ഖത്തരി യുവാക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത സൈനിക പരിശീലന പദ്ധതിയുടെ ഭാഗമായി സായുധ പരിശീലനവും നല്‍കുന്നു. ഇതുള്‍പ്പെടുത്തി ദേശീയ സേവന പദ്ധതിയുടെ വിദ്യാഭ്യാസ പദ്ധതി പരിഷ്‌കരിച്ചതായി പ്രാദേശിക അറബിപത്രം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ബാച്ചുകളുടെ പരിശീലന പദ്ധതിയില്‍ സായുധ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനമെന്ന് നാഷണല്‍ സര്‍വീസ് അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.  പൊതു സേവനങ്ങളേക്കാളുപരി സായുധ  സൈനിക പരിശീലനത്തിന് പ്രാധാന്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

2013ല്‍  ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 18 മുതല്‍ 35 വയസുവരെ പ്രായമുള്ള ചെറുപ്പക്കാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്.

ഇതിനോടകം മൂന്നിലേറെ ബാച്ചുകള്‍ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ ബാച്ചിനുള്ള പരിശീലനം അടുത്ത മാസം തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ബാച്ച് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സൈന്യത്തിന്റെ യൂണിറ്റുകളില്‍ ഉള്‍പ്പെടുത്തുമെന്നും പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അല്‍ ശമാലില്‍ പ്രത്യേകം സജ്ജമാക്കിയ പരിശീലന ക്യാംപിലാണ് കേഡറ്റുമാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുക. ഖത്തര്‍ നാഷണല്‍ സര്‍വീസ് അതോറിറ്റി എല്ലാവിധ സജ്ജീകരണങ്ങളോടെയുമുള്ള ക്യാംപാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

രാജ്യസേവനം നിര്‍ബന്ധമാക്കിയതു മുതല്‍ പരിശീലന ക്യാംപുകളെല്ലാം നടന്നത് ശമാലിലായിരുന്നു.

രണ്ട് പുതിയ ബാച്ചുകളുടെ പരിശീലനം ശമാലില്‍ അടുത്ത മാസം തുടങ്ങും. ഇവിടത്തെ ബേസ് ക്യാംപില്‍ രണ്ട് മാസത്തെ പരിശീലനത്തിന് ശേഷം  കേഡറ്റുകളെ  സൈനിക പരിശീലനത്തിനായി സൈനിക യൂണിറ്റുകളിലേക്ക് വിടും.

പുതിയ ബാച്ചിനായി നാഷണല്‍ സര്‍വീസ് അക്കാദമി പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയതായി പ്രാദേശിക അറബി പത്രം അര്‍റായ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊതുവായ കാര്യങ്ങളെക്കാള്‍ സൈനിക കാര്യങ്ങള്‍ക്കാണ് പുതിയ പരിശീലന പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് നാഷണല്‍ സര്‍വീസ് അതോറിറ്റി ഡെപ്യൂട്ടി ഹെഡ് ബ്രിഗേഡിയര്‍ നാസര്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ജാബര്‍ പറഞ്ഞു. യുവാക്കളുടെ ശാരീരിക ക്ഷമതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതു മുന്‍നിര്‍ത്തിയുള്ള പരിശീലനതന്ത്രമാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും  അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പുതിയ രണ്ടു ബാച്ചുകളെ തരംതിരിച്ചിരിക്കുന്നത്.

സര്‍വകലാശാല ബിരുദധാരികള്‍ ഉള്‍പ്പെടുന്നതാണ് ബാച്ചുകളിലൊന്ന്. രണ്ടാമത്തെ ബാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഹയര്‍ സെക്കന്ററിയും അതില്‍ താഴേയും വിദ്യാഭ്യാസമുള്ളവരെയും പഠനം ഇടക്ക് വെച്ച് നിര്‍ത്തിയവരെയുമാണ്.

ആദ്യ ബാച്ചിന് രണ്ട് മാസത്തെ പരിശീലനമാണ് അല്‍ ശമാല്‍ ക്യാംപില്‍ നല്‍കുക.

അതിന് ശേഷം അവരെ ഒരു മാസത്തെ ഫീല്‍ഡ് പരിശീലനത്തിനായി സൈന്യത്തിനൊപ്പം ചേര്‍ക്കും.

രണ്ടാമത്തെ ബാച്ചിന് നാല് മാസമാണ് അല്‍ ശമാലില്‍ പരിശീലനം നല്‍കുക.

അതിന് ശേഷം സൈനിക പരിശീലനത്തിനായി സൈനിക യൂണിറ്റുകള്‍ക്കൊപ്പം വിടും. ചെറിയ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനമാണ് പ്രധാനമായും സൈനിക യൂണിറ്റുകളില്‍ നിന്നും കേഡറ്റുകള്‍ക്ക് ലഭിക്കുക.

അല്‍ ശമാലിലെ ക്യാംപ് പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ നീളുന്നതാണ്.

ഖത്തറിന്റെ ചരിത്രം, സാമൂഹിക ശാസ്ത്രം, സംസ്‌കാരം, പരിസ്ഥിതി, സമൂഹം, മയക്കുമരുന്നിനെതിരെയുള്ള ബോധവത്ക്കരണം, വ്യായാമം, കളി തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിത സൈനിക സേവനം ആരംഭിച്ച ഘട്ടത്തില്‍ തെരഞ്ഞെടുത്ത ബാച്ചുകള്‍ക്ക് നല്‍കിയ പരിശീലനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും പുതിയ പാഠ്യപദ്ധതിയെന്ന് ബ്രിഗേഡിയര്‍ അല്‍ ജബാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!