ഖത്തറില്‍ വ്യാജ ഒപ്പിട്ട് വീസ അപേക്ഷ; യുവാവിന് മൂന്നു വര്‍ഷം തടവും നാടുകടത്തലും

ദോഹ: ഖത്തറില്‍ കമ്പനിയുടെ വ്യാജ ഒപ്പിട്ട് വീസകള്‍ക്കുള്ള വ്യാജ അപേക്ഷതയ്യാറാക്കിയ യുവാവിന് മൂന്ന് വര്‍ഷത്തെ തടവ്. വ്യാജരേഖകള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. കമ്പനിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് അനുവാദമില്ലാതെ വിസകള്‍ അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. കമ്പനിയുടുടെ ഐഡി കാര്‍ഡും ഒപ്പും ഉപയോഗിച്ച് 33 വീസകള്‍ തയാറാക്കിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

ഇതെ തുടര്‍ന്ന് കമ്പനി വഴി നല്‍കിയിട്ടുള്ള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുള്ള വിസകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ടരില്‍ നിന്ന് ശേഖരിച്ചു. ഇതുവരെ കമ്പനി അറുനൂറ് വിസകള്‍ അനുവദിച്ചതായും ഇതില്‍ 33 എണ്ണം വ്യാജ രേഖകള്‍ ഉപയോഗിച്ചുകൊണ്ട് ലഭ്യമാക്കിയിട്ടുള്ളതാണെന്നും കണ്ടെത്തി. ഇതിനുശേഷമാണ് കമ്പനിയുടമ തന്റെ അനുവാദമില്ലാതെ വിസ അനുവദിച്ചു, അതു പണം വാങ്ങി വില്‍പ്പന നടത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയത്. വിസ അപേക്ഷകളിലെ ഒപ്പുകള്‍ കമ്പനി ഉടമയുടേതല്ലെന്ന് ക്രിമിനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഇതെ തുടര്‍ന്ന് പ്രതിക്ക് മൂന്നു വര്‍ഷത്തെ തടവും നാടുകടത്തലും കോടതി ശിക്ഷ വിധിച്ചത്.