ഖത്തറില്‍ നിന്നും സ്‌പോണ്‍സര്‍ക്കൊപ്പം സൗദിയിലെത്തിയ മലയാളി ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു

സൗദി: ഖത്തറില്‍ നിന്നും സ്‌പോണ്‍സറോടൊപ്പം അല്‍അഹ്‌സയിലെത്തിയ മലയാളി ഹൗസ്‌ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി നെല്ലിമല്‍ പുതുപറമ്പില്‍ ഷഹാസ്‌(26) ആണ്‌ അപകടത്തില്‍ മരണപ്പെട്ടത്‌. സ്‌പോണ്‍സറും മറ്റൊരാളും ഷഹാസിനൊപ്പം അപകടത്തില്‍ മരിച്ചിട്ടുണ്ട്‌.

ദോഹയിലെ മൈദറില്‍ ഹൗസ്‌ ഡ്രൈവറായി ജോലിചെയ്‌തുവരികയായിരുന്നു ഷഹാസ്‌. ഷഹാസിന്റെ ഉമ്മ സഫിയത്തും സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്‌. വിവരമറിഞ്ഞതിനെ തുടര്‍ന്ന്‌ ദേഹാസ്വാസ്ഥ്യം അനുവപ്പെട്ട ഉമ്മയെ ഹമദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വിവരമറിഞ്ഞ്‌ സ്‌പോണ്‍സറുടെ ബന്ധുക്കള്‍ സൗദിയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌. സ്‌പോണ്‍സറുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. ഷഹാസിന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരികയാണ്‌.