ഖത്തറില്‍ പ്രവാസികളുടെ നെഞ്ചിടിപ്പ്‌കൂട്ടി ജീവിത ചെലവ്‌ വര്‍ധിക്കുന്നു

Untitled-1 copyദോഹ: പ്രവാസികളുടെ നെഞ്ചിടിപ്പ്‌കൂട്ടി ഖത്തറില്‍ ജീവിത ചെലവില്‍ ഗണ്യമായ വര്‍ധനവ്‌. ജൂണ്‍ മാസത്തിലെ ശരാശരി ജീവിത ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈ മാസത്തില്‍ 0.8 ശതമാനം വര്‍ധനവാണ്‌ ഉണ്ടായതെന്നാണ്‌ കണ്‍സ്യൂമര്‍ പ്രൈസ്‌ ഇന്‍ഡക്‌സ്‌ വ്യക്തമാക്കുന്നത്‌. ഇത്തരത്തിലുള്ള വര്‍ധനയ്‌ക്ക്‌ ഇടയാക്കിയത്‌ പ്രധാനമായും വിദ്യഭ്യാസ-വിനോദ ചെലവുകളിലുണ്ടായ ഗണ്യമായ വര്‍ധനവാണ്‌. അതെസമയം അന്തര്‍ദേശീയ മാനദണ്ഡം വച്ച്‌ നോക്കുമ്പോള്‍ പണപ്പെടുപ്പ നിരക്ക്‌ കുറവാണ്‌.

മുന്‍വര്‍ഷത്തെ പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2.5 ല്‍ നിന്നും 2.8 വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഗതാഗത ചെലവില്‍ 2.8 ശതമാനവും വിനോദ സാസംസ്‌ക്കാരിക ചെലവില്‍ 2.4 ശതമാനവുമാണ്‌ വര്‍ധനവ്‌. അതെസമയം വിദ്യഭ്യാസ ചെലവിലുണ്ടായ 7.1 ശതമാനം വര്‍ധനവാണ്‌ ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. പ്ലാനിങ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ മന്ത്രാലയമാണ്‌ പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ഫീസിലുണ്ടായ വര്‍ധനവ്‌ സ്‌കൂള്‍ കെട്ടിട വാടകയിനത്തിലും അധ്യാപകരുടെ വേതന നിരക്കിലും വര്‍ധനയുണ്ടാക്കിയതായും പറയുന്നു. അതേസമയം രാജ്യത്തെ വാടക നിരക്കില്‍ 4.8 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്‌. 12 മാസ കാലങ്ങളില്‍ സാധന-സേവനങ്ങള്‍ക്ക്‌ 2.4 ശതമാനം, വസ്‌ത്രം ചെരുപ്പ്‌ 1.9 ശതമാനം, ഫര്‍ണിച്ചര്‍ വീട്ടുസാധനങ്ങള്‍ എന്നിവയക്ക്‌ 0.6 ശതമാനം, കമ്മ്യൂണിക്കേഷന്‌ 0.1 ശതമാനം എന്നിങ്ങനെയാണ്‌ വര്‍ധനവുണ്ടായിരിക്കുന്നത്‌. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ മാത്രമാണ്‌ വില വര്‍ധിക്കാതിരുന്നത്‌.