ഖത്തറില്‍ നിന്നും പ്രസവത്തിനായി നാട്ടിലെത്തിയ യുവതി മരിച്ചു

Untitled-1 copyദോഹ: ഖത്തറില്‍ നിന്ന് പ്രസവത്തിനായി നാട്ടില്‍ പോയ യുവതി ഇരട്ടക്കുഞ്ഞുങ്ങളെ തനിച്ചാക്കി ലോകത്തോട് വിട പറഞ്ഞു. കടിഞ്ഞൂല്‍ പ്രസവത്തിനായി നാട്ടിലെത്തിയ താനൂര്‍ കുന്നുംപുറം തട്ടാരത്തില്‍ ആഷിഫ(23)യാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരിക്കേ മഞ്ഞപ്പിത്തം കണ്ടതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മെയ് ഒന്നിന് ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുക്കുകയും ചെയ്തിരുന്നു. ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പിറന്നത്. തുടര്‍ന്ന് ആഷിഫയെ രക്ഷപ്പെടുത്താനുള്ള കഠിന പരിശ്രമത്തിലായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. എന്നാല്‍, രണ്ടു പിഞ്ചു പൈതങ്ങളെ ഭര്‍ത്താവ് ഒഴൂര്‍ വെള്ളാലി ഷൗക്കത്തലിയെ ഏല്‍പ്പിച്ച് വ്യാഴാഴ്ച രാത്രി ആഷിഫ യാത്രയാവുകയായിരുന്നു.
ഷൗക്കത്തലിക്കൊപ്പം ഫാമിലി വിസയില്‍ ഖത്തറിലായിരുന്ന ആഷിഫ പ്രസവ തിയ്യതി അടുത്തതോടെയാണ് നാട്ടിലെത്തിയത്. ഭാര്യയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷൗക്കത്തലിയും നാട്ടിലെത്തിയിരുന്നു. സോഷ്യല്‍ ഫോറം താനൂര്‍ മണ്ഡലം സെക്രട്ടറിയാണ് ഷൗക്കത്ത്.
പിതാവ്: സെയ്തലവി. മാതാവ്: ഹസീന. സഹോദരങ്ങള്‍: ഷംസീദ്, സുമയ്യ. കുന്നുപുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.