Section

malabari-logo-mobile

ഖത്തറിൽ തൊഴില്‍മാറ്റ വ്യവസ്‌ഥകള്‍ ലഘൂകരിച്ചു; അതേ വിഭാഗത്തില്‍പെട്ട വീസ വേണമെന്നില്ല

HIGHLIGHTS : ദോഹ ∙ കരാര്‍ കാലാവധി അവസാനിച്ച തൊഴിലാളികള്‍ക്കു പുതിയ സ്‌ഥാപനങ്ങളിലേക്കു മാറുന്നതിനുള്ള വ്യവസ്‌ഥകള്‍ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം ലഘൂകരിച്ചു. കൂ...

ദോഹ ∙ കരാര്‍ കാലാവധി അവസാനിച്ച തൊഴിലാളികള്‍ക്കു പുതിയ സ്‌ഥാപനങ്ങളിലേക്കു മാറുന്നതിനുള്ള വ്യവസ്‌ഥകള്‍ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം ലഘൂകരിച്ചു. കൂടുതല്‍ തൊഴിലാളികള്‍ക്ക്‌ ഗുണപ്രദമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ്‌ മന്ത്രാലയം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്‌. 60 വയസിനു മുകളിലുള്ളവര്‍ക്കു തൊഴില്‍ മാറുന്നതിനുള്ള വിലക്കും നീക്കിയിട്ടുണ്ട്‌.
മുന്‍ വ്യവസ്‌ഥപ്രകാരം ഒരാള്‍ക്കു തൊഴില്‍ മാറാന്‍, പുതിയ കമ്പനിയില്‍ അയാള്‍ക്കു നിലവിലുണ്ടായിരുന്ന അതേ വിഭാഗത്തില്‍പെട്ട വീസ തന്നെ വേണമായിരുന്നു. അതായത്‌ ഒരു ഇന്ത്യന്‍ വനിതാ അക്കൗണ്ടിന്‌ പുതിയ ഒരു കമ്പനിയിലേക്കു ജോലിമാറാന്‍ ആ സ്‌ഥാപനത്തിന്‌ ഇന്ത്യന്‍ വനിതാ അക്കൗണ്ടന്റ്‌ വീസ ഉണ്ടാകണമായിരുന്നു. ഈ വ്യവസ്‌ഥയാണ്‌ (ഒരേ ദേശീയത, ഒരേ പ്രഫഷന്‍, ഒരേ ലിംഗം) ഇപ്പോള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നു നീക്കം ചെയ്‌തിരിക്കുന്നത്‌. 60 വയസിനു മുകളിലുള്ളവര്‍ ജോലിമാറ്റത്തിന്‌ അര്‍ഹരല്ലെന്ന വ്യവസ്‌ഥയും വെബ്‌സൈറ്റില്‍ നിന്നു മാറ്റിയിട്ടുണ്ട്‌.

പുതിയ തൊഴില്‍ താമസാനുമതി നിയമം (2015ലെ 21-ാം നമ്പര്‍ നിയമം) ഇക്കഴിഞ്ഞ ഡിസംബര്‍ 13നു പ്രാബല്യത്തിലായതോടെയാണ്‌ കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്കു ജോലിമാറാന്‍ അവസരമൊരുങ്ങിയത്‌. പുതിയ കമ്പനിയിലേക്കു മാറാന്‍ ആഗ്രഹിക്കുന്നവര്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ `വര്‍ക്കര്‍ നോട്ടീസ്‌ ഇ-സര്‍വീസ്‌` എന്ന ലിങ്ക്‌ ആണ്‌ ഉപയോഗപ്പെടുത്തേണ്ടത്‌.
ഖത്തര്‍ ഐഡിയും മൊബൈല്‍ നമ്പറും നല്‍കി സൈറ്റിലേക്ക്‌ പ്രവേശിക്കാം. തുടര്‍ന്ന്‌ മൊബൈലില്‍ ലഭിക്കുന്ന പിന്‍ നമ്പര്‍ നല്‍കിയാല്‍ തൊഴിലാളിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും കാണാനാവും. കരാര്‍ കാലാവധി പ്രശ്‌നരഹിതമായി അവസാനിച്ചതിനു തെളിവായി നിലവിലുള്ള തൊഴിലുടമ നല്‍കുന്ന രേഖ, അഥവാ നിലവിലുള്ള തൊഴിലുടമ വഞ്ചിച്ചതിനുള്ള തെളിവുകള്‍, തൊഴില്‍ കരാറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ എന്നിവ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യാനും സൗകര്യമുണ്ട്‌.
നിശ്‌ചിത കാലാവധിയുള്ള ക്ലോസ്‌ഡ്‌ കരാറുകളില്‍ കാലാവധി തീരുന്നതിനു 30 ദിവസം മുമ്പ്‌ നിലവിലുള്ള തൊഴിലുടമയെ രേഖാമൂലം വിവരം ധരിപ്പിക്കണം. നിശ്‌ചിത കാലാവധി വ്യക്‌തമാക്കാത്ത ഓപ്പണ്‍ കരാറുകളില്‍ തൊഴില്‍മാറാന്‍ ഒരേ തൊഴിലുടമയ്‌ക്കു കീഴില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം പണിയെടുത്തിരിക്കണം. ഈ വിഭാഗത്തില്‍പെട്ടവര്‍ 60 ദിവസം മുമ്പ്‌ നിലവിലുള്ള തൊഴിലുടമയെ രേഖാമൂലം വിവരം ധരിപ്പിക്കണം. ഇക്കാര്യം തൊഴില്‍ മന്ത്രാലയ വെബ്‌സൈറ്റിലെ ലിങ്ക്‌ മുഖാന്തിരവും നിലവിലുള്ള തൊഴിലുടമയെ അറിയിക്കണം.
ഇതല്ലാതെ തൊഴില്‍ മാറുന്നതിനു മറ്റു നിയന്ത്രണങ്ങള്‍ ഒന്നുമില്ലെന്നു മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷകളില്‍ വിശദപരിശോധനക്കു ശേഷമേ തീരുമാനമെടുക്കൂ. ഓണ്‍ലൈനില്‍ ജോലിമാറ്റത്തിന്‌ സാങ്കേതിക ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക്‌ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ നമ്പറില്‍(40288888) സഹായം തേടാം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!