ഖത്തരികളെകാള്‍ രണ്ടിരട്ടി ജോലി പ്രവാസികള്‍ ചെയ്യുന്നതായി സര്‍വ്വേ

al_baraha_dohaദോഹ: ഖത്തരികള്‍ ദിവസത്തിന്റെ പത്തിലൊരു ഭാഗം മാത്രം തൊഴിലെടുക്കുമ്പോള്‍ പ്രവാസികള്‍ അതിന്റെ രണ്ടര ഇരട്ടിയിലേറെ പ്രവര്‍ത്തിക്കുന്നതായി സര്‍വേ. വരുമാനമുള്ള ജോലിക്ക് ഖത്തരി ഏകദേശം പ്രതിദിനം രണ്ട് മണിക്കൂറും 52 മിനുട്ടുമാണ് ചെലവഴിക്കുന്നത്. ഒരു ദിവസത്തിന്റെ 11.9 ശതമാനം മാത്രമാണിത്. അതേസമയം പ്രവാസികള്‍ ആറ് മണിക്കൂറും 42 മിനുട്ടുമാണ് ശരാശരി ജോലി ചെയ്യുന്നത്. ദിവസത്തിന്റെ 27.9 ശതമാനമാണിതെന്നും സര്‍വ്വേ പറയുന്നു.
വിനോദങ്ങള്‍ക്കും നേരമ്പോക്കിനുമായി ഖത്തരികള്‍ അഞ്ച് മണിക്കൂറും 17 മിനുട്ടും (ദിവസത്തിന്റെ 22 ശതമാനം) ചെലവഴിക്കുമ്പോള്‍ പ്രവാസികള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നത് മൂന്ന് മണിക്കൂറും 31 മിനുട്ടുമാണ് (ദിവസത്തിന്റെ 14.6 ശതമാനം).
കൂലി, ശമ്പളം, മറ്റുള്ളവര്‍ക്ക് ജോലി നല്കല്‍, സ്വയം തൊഴില്‍ തുടങ്ങി എല്ലാ മേഖലകളും വരുമാനമുള്ള ജോലിയില്‍ ഉള്‍പ്പെടുന്നുണ്ട്. ടി വി കാണല്‍, പുസ്തക വായന, ഇന്റര്‍നെറ്റ് സര്‍ഫിംഗ്, യാത്ര, ബന്ധുക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയവയെല്ലാം വിനോദങ്ങളിലുള്‍പ്പെടും.
ഖത്തരി വനിതകളേക്കാളും പുരുഷന്മാരാണ് അല്‍പസമയം കൂടുതല്‍ വിനോദങ്ങളിലേര്‍പ്പെടുന്നത്. പുരുഷന്മാര്‍ അഞ്ച് മണിക്കൂറും 32 മിനുട്ടും  (ദിവസത്തിന്റെ 23 ശതമാനം) വിനോദത്തിന് വേണ്ടി ചെലവഴിക്കുമ്പോള്‍ വനിതകള്‍ അഞ്ച് മണിക്കൂറും മൂന്ന് മിനുട്ടും (ദിവസത്തിന്റെ 21 ശതമാനം) ഇതിനായി ഉപയോഗിക്കുന്നു.
ഖത്തരികള്‍ ഒരു മണിക്കൂറും എട്ട് മിനുട്ടും പ്രതിദിനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമ്പോള്‍ പ്രവാസികള്‍ ഏകദേശം 25 മിനുട്ട് മാത്രമാണ് ഇക്കാര്യത്തിന് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സമയം പ്രവാസികളില്‍ കുറയാന്‍ കാരണം അവരില്‍ ഭൂരിപക്ഷവും ജോലിക്കാരാണ് എന്നതാണ്.
അലക്കല്‍, വൃത്തിയാക്കല്‍, പാചകം, ഷോപ്പിംഗ്, കുട്ടികളേയും മുതിര്‍ന്നവരേയും ശ്രദ്ധിക്കല്‍ തുടങ്ങിയവയ്ക്ക് ഖത്തരി പുരുഷന്‍ രണ്ട് മണിക്കൂറും 37 മിനുട്ടും ഒരു ദിവസം ചെലവഴിക്കുമ്പോള്‍ പ്രവാസികള്‍ രണ്ടു മണിക്കൂറും അഞ്ച് മിനുട്ടും മാത്രമാണ് ചെലവഴിക്കുന്നത്. ഖത്തരികള്‍ പ്രാര്‍ഥനയ്ക്കും നമസ്‌ക്കാരത്തിനും മറ്റുമായി പ്രതിദിനം 49 മിനുട്ട് ചെലവഴിക്കുമ്പോള്‍ പ്രവാസികള്‍ കേവലം 28 മിനുട്ടുകള്‍ മാത്രമാണ് ഇതിനുപയോഗിക്കുന്നത്.
എന്നാല്‍ ഇരുവിഭാഗം തങ്ങളുടെ ഒരു ദിവസത്തിന്റെ ഏകദേശം പകുതി ഭാഗവും ഉറങ്ങിത്തീര്‍ക്കാനാണ് ഉപയോഗിക്കുന്നത്. ഖത്തരികള്‍ ശരാശരി 11 മണിക്കൂറും 18 മിനുട്ടും ഉറങ്ങുമ്പോള്‍ പ്രവാസികള്‍ 10 മണിക്കൂറും 51 മിനുട്ടുമാണ് ഉറക്കത്തിലുള്ളത്.
ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് ‘സമയത്തിന്റെ ഉപയോഗ’ത്തിലുള്ള സര്‍വേ നടത്തിയത്. പതിനഞ്ച് വയസ്സിന് മുകളിലുള്ള 16574 പേരിലാണ് സര്‍വ്വേ നടത്തിയത്.