ഖത്തറില്‍ സ്വകാര്യ മേഖലയിലെ വേതനവര്‍ധന;പ്രതീക്ഷയോടെ വിദേശികള്‍

ദോഹ: രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വൈറ്റ്‌കോളര്‍ ജോലിക്കാര്‍ക്ക് വേതനവര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മധ്യപൗരസ്ത്യ രാജ്യങ്ങളിലും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന മേന മേഖലിയിലെ പ്രധാന ജോബ് പോര്‍ട്ടലായ ബെയ്ത് ഡോട്ട് കോം വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഖത്തറില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും ഈ വര്‍ഷത്തില്‍ വേതവ വര്‍ധനവ് പ്രതീക്ഷിക്കുന്നതായാണ് വെളിപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള അടിസ്ഥാന വേതനത്തിലാണ് വര്‍ധനവ് പ്രതീക്ഷിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനം തങ്ങള്‍ക്ക് അടിസ്ഥാന ശമ്പളമല്ലാതെ മറ്റ് ബത്തകളൊന്നും ലഭിക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 14 ശതമാനം തങ്ങള്‍ക്ക് അടിസ്ഥാന വേതനത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും കമ്മീഷനും ലഭിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും ഒരു സ്ഥിരമായി വേതനഘടനയാണ് ആഗ്രഹിക്കുന്നതെന്നാണ് നിലവിലെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. വാര്‍ഷികാവധിക്ക് 49 ശതമാനം പേര്‍ക്കു മാത്രമാണ് വിമാന ടിക്കറ്റ് ലഭിക്കുന്നത്. നേരിട്ട് ചികിത്സാ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്നത് 35 ശതമാനത്തിനും ഗതാഗത അലവന്‍സ് ലഭിക്കുന്നത് 35 ശതമാനം തൊഴിലാളികള്‍ക്കും മാത്രമാണ്. പാര്‍പ്പിട അലവന്‍സ് ലഭിക്കുന്നത് 31 ശതമാനത്തിനും ഗ്രാറ്റിവിറ്റി 30 ശതമാനത്തിനും കമ്പനി താമസ സൗകര്യം 23 ശതമാനത്തിനും മാത്രമാണ് ലഭിക്കുന്നതെന്നാണ് സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഖത്തറില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന വൈറ്റ്‌കോളര്‍ ജോബുകാര്‍ സീനിയര്‍ പ്രോജക്ട് മാനേജര്‍മാരാണെന്ന് സര്‍വേ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ ശമ്പളം 11,400 റിയാല്‍ മുതല്‍ 40,000 റിയാല്‍ വരെയാണ്. ഏറ്റവും കുറവ് സെിയില്‍സ് എക്‌സിക്യുട്ടീവിനാണ് 3,600 മുതല്‍ 12,000 വരെയാണ്. വര്‍ധിച്ചുവരുന്ന ജീവിത ചിലവുമായി മുന്നോട്ട് പോകാന്‍ വേതനവര്‍ധനവ് കൂടിയെ കഴിയു എന്നാണ് പൊതുജനാഭിപ്രായം.