ഖത്തറിലെ തൊഴില്‍ നിയമം; കരാര്‍ കാലാവധിക്കുമ്പ് രാജ്യം വിട്ടാല്‍ തിരിച്ചുവരവ് ബുദ്ധിമുട്ടാകും

ദോഹ: ഖത്തറില്‍ ഡിസംബര്‍ 14 ന് നടപ്പില്‍ വരാന്‍പോകുന്ന പുതിയ തൊഴില്‍ നിയമത്തില്‍ തൊഴില്‍ കരാര്‍ കാലാവധിക്ക് മുന്തിയ പരിഗണന. തൊഴില്‍ കരാറില്‍ ഒപ്പിട്ട് തൊഴിലില്‍ പ്രവേശിച്ച ആള്‍ക്ക് കരാര്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പ് രാജ്യംവിട്ടുപോയാല്‍ ഉടന്‍ തിരിച്ചുവരാന്‍ കഴിയില്ല എന്നതാണ് വ്യവസ്ഥ. ഇത് പുതിയ വിസാനിയമത്തിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരാള്‍ കരാര്‍ പൂര്‍ത്തിയാകുംമുമ്പെ ഖത്തറില്‍ നിന്നും തിരിച്ചുപോയാല്‍ ആദ്യത്തെ കരാര്‍ കാലാവധി കഴിഞ്ഞശേഷമെ മടങ്ങി വരാന്‍ കഴിയൂ എന്നതാണ് പുതിയ വ്യവസ്ഥ.

എന്നാല്‍ തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് നിലവിലുള്ള വിസ കാന്‍സല്‍ ചെയ്ത് തിരിച്ചുപോകുകയും അടുത്ത ദിവസംതന്നെ പുതിയ തൊഴില്‍ കരാറിന്‍െറ അടിസ്ഥാനത്തില്‍ തിരിച്ചുവരികയും ചെയ്യാം. ഈ നിയമവും പുതിയ തൊഴില്‍ നിയമത്തിനെ ഏറെ വിത്യസ്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള നിയമപ്രകാരം ഒരാള്‍ വിസ റദ്ദാക്കി നാട്ടില്‍ പോകുന്ന ഒരാളിന് ഖത്തറിലേക്ക് മടങ്ങി വരണമെങ്കില്‍ രണ്ട് വര്‍ഷം കാത്തിരിക്കണം. ഇതാണ് പുതിയ നിയമം വരുന്നതോടെ അവസാനിക്കുന്നത്.
അതിനൊപ്പം പുതിയ നിയമപ്രകാരം, തൊഴില്‍ കരാറില്‍ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതാകുകയും ചെയ്യും. അതിനൊപ്പം എക്സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ അവസാനിക്കുകയും ചെയ്യും. അതായത് തൊഴിലാളിക്ക് ഖത്തറില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങണമെങ്കില്‍ സ്പോണ്‍സറുടെ അനുവാദത്തിന് പകരം ആഭ്യന്തര മന്ത്രാലയത്തിന്‍െറ അനുമതിയായിരിക്കും ആവശ്യമായി വരിക. എന്നാല്‍ അപേക്ഷ രണ്ട് ദിവസത്തിനുമുമ്പ് മന്ത്രാലയത്തിന് മുമ്പാകെ നല്‍കണം. തൊഴിലാളി മടങ്ങിപോകുന്നത് തൊഴിലുടമ അറിഞ്ഞിരിക്കണമെന്ന നിയമമുണ്ടെങ്കിലും ഉടമക്ക് തൊഴിലാളിയെ തടയാന്‍ കഴിയില്ല എന്നതും നിയമത്തിന്‍െറ പ്രത്യേകതയാണ്.

തൊഴിലാളിയുമായും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍ ഉദ്യോഗാര്‍ത്ഥിക്ക് മനസ്സിലാകാന്‍ ഇംഗ്ളീഷില്‍ കൂടി ലഭ്യമായിരിക്കണം. തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കരാറിലുണ്ടായിരിക്കണം. ഇരു കൂട്ടരും ഒപ്പ് വെച്ച കരാര്‍ കാലാവധി പൂര്‍ത്തീകരിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനായിരിക്കും. കരാര്‍ രണ്ട് വര്‍ഷത്തേക്കായാലും അഞ്ച് വര്‍ഷത്തേക്കായാലും ഇത് ബാധകമായിരിക്കും. കരാര്‍ പുതുക്കാതിരിക്കാനുള്ള അവകാശം തൊഴിലുടമക്കെന്ന പോലെ തൊഴിലാളിക്കും ഉണ്ടായിരിക്കും. രാജ്യത്ത് നടപ്പിലാകാനിരിക്കുന്ന പുതുക്കിയ തൊഴില്‍ നിയമത്തെ സംബന്ധിച്ച് പൊതുജനങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സാമൂഹിക ക്ഷേമ- തൊഴില്‍ വകുപ്പ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കാമ്പയിനിലൂടെ പുതിയ നിയമങ്ങളുടെ സമ്പൂര്‍ണ വിവരം പൊതു ജനങ്ങളിലേക്ക് എത്തിക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്.
പുതിയ നിയമം നടപ്പിലാകുന്നതോടെ നിലവില്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നവര്‍ പുതിയ തൊഴില്‍ കരാറില്‍ ഒപ്പ്വെക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അറിയിപ്പുകള്‍ക്കായി പ്രവാസികള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കരാര്‍ പഴയതാണെങ്കിലും കരാറിന്‍െറ കാലവധി പുതിയ നിയമം നടപ്പില്‍ വന്നത് മുതലുളള നാള്‍ വെച്ചായിരിക്കും പരിഗണിക്കുക എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫലത്തില്‍ കരാര്‍ പഴതാണെങ്കിലും കരാര്‍ കാലം ആരംഭിക്കുന്നത് നിയമം നിലവില്‍ വന്നദിവസം മുതലായിരിക്കും. എന്നാല്‍ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോകുമ്പോഴുളള ആനുകൂല്യങ്ങള്‍ക്കും മറ്റും കമ്പനിയില്‍ ജോലി ആരംഭിച്ചത് മുതലുളള കാലം തന്നെയായിരിക്കും പരിഗണിക്കുക എന്നും സൂചനയുണ്ട്.