ഖത്തറില്‍ തൊഴില്‍ കരാറില്‍ ഇല്ലാത്ത ജോലി ചെയ്യണ്ട

ദോഹ: തൊഴില്‍ കരാറില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ജോലി ചെയ്യാന്‍ തൊഴിലാളികളോട് ആവശ്യപ്പെടാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല. അതെസമയം ചില അടിയന്തരഘട്ടങ്ങളില്‍ ഇത്തരത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യം വരികയാണെങ്കില്‍ തൊഴിലാളിക്ക് അര്‍ഹമായ ആനുകൂല്യങ്ങളെല്ലാം തന്നെ കമ്പനി നല്‍കിയിരിക്കണം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള ജോലിയില്‍ നിന്ന് കുറഞ്ഞ വ്യത്യാസത്തിലുള്ള ജോലികള്‍ മാറ്റി നല്‍കാവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ നല്‍കുന്ന ജോലികള്‍ ഉദ്യോഗാര്‍ഥിയുടെ അന്തസ്സ് ഏതെങ്കിലും തരത്തില്‍ ഇടിച്ചു താഴ്ത്തുന്നതോ കരാറില്‍ പറഞ്ഞിട്ടുള്ള ശമ്പളത്തിനു കുറവു വരുത്തുന്നതോ ആവാന്‍ പാടില്ല. നിലവിലെ തൊഴില്‍ നിയമമനുസരിച്ച് പത്തോ അതില്‍ കൂടുതലോ ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമ തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനായി റഗുലേഷന്‍സ് രൂപപ്പെടുത്തുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്യണം.

ഈ റഗുലേഷന്‍സിനും തൊഴില്‍ വകുപ്പിന്റെ അംഗീകാരം കിട്ടിയെ മതിയാവു. അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ അത് അംഗീകാരം ലഭിച്ചതിന് തുല്യമായി കണക്കാക്കുന്നതാണ്. ഈ ചട്ടങ്ങളെല്ലാം തന്നെ തൊഴിലാളികളുടെ ശ്രദ്ധയ്ക്കായി കമ്പനിയിലെ പ്രധാനപ്പെട്ട സ്ഥലത്ത് തൊഴിലാളികള്‍ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിച്ചുവെക്കേണ്ടതാണ്. 15 ദിവസം കഴിഞ്ഞതിന് ശേഷമെ ഇവ പ്രാബല്യത്തില്‍ വരുകയൊള്ളു.