ഖത്തറില്‍ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയ്ക്ക് പുതിയ പദ്ധതി

Story dated:Saturday April 29th, 2017,12 38:pm

ദോഹ: രാജ്യത്ത് തൊഴിലാളികുളുടെ സുരക്ഷ ഉറപ്പാക്കുന്നുതിനുവേണ്ടി നഗരസഭ പരിസ്ഥിതി മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇതുപ്രാകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്ന അടിസ്ഥാനസൗകര്യവികസനപദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക ലക്ഷ്യമിട്ടിരിക്കുന്നത്. തൊഴിലിലെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ലോക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ വെള്ളിയാഴ്ചയാണ് മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഗൈഡ് പുറത്തിറക്കിയത്.

നിര്‍മാണം, അറ്റകുറ്റപ്പണി, പൊളിച്ചുമാറ്റല്‍ തുടങ്ങിയ ജോലികളില്‍ നേരിടുന്ന അപകടങ്ങള്‍ ഇല്ലാതാക്കി തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.രാജ്യത്തെ നിയമങ്ങളും നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. തൊഴിലിടങ്ങള്‍ക്കും ചുറ്റുമുള്ള പ്രദേശങ്ങളിലും ആസൂത്രണം, ചെലവ് കണക്കാക്കല്‍, പരിസ്ഥിതിവിഷയങ്ങള്‍ പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളില്‍ െഡവലപ്പര്‍മാര്‍, എന്‍ജിനീയര്‍മാര്‍, നിര്‍മാണ വിദഗ്ധര്‍ എന്നിവര്‍ക്കിടയില്‍ ബോധവത്കരണം ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.തൊഴിലുമായി ബന്ധപ്പെട്ടുള്ള മരണങ്ങളും പരിക്കുകളും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഒക്കുപ്പേഷന്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് (ഐ.ഒ.എസ്.എച്ച്.) പഞ്ചവത്സരപദ്ധതിക്ക് തുടക്കമിട്ടു.

2022 ഫിഫ ലോകകപ്പ് മത്സരത്തിനായുള്ള അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികളെ രാജ്യത്തിന് ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനായി പുതിയപദ്ധതിക്ക് രൂപം നല്‍കിയതെന്ന് ഐ.ഒ.എസ്.എച്ച്. ബോര്‍ഡ് അംഗം ഡോ. ബില്‍ ഗിന്നിയോണ്‍ പറഞ്ഞു.