ഖത്തറില്‍ തൊഴില്‍നിയമ പരിഷ്‌കരണത്തിന് എട്ടുമാസം സാവകാശം

ദോഹ: രാജ്യത്ത് തൊഴില്‍ മേഖലയില്‍ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താനായുള്ള കാലാവധി എട്ടുമാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന അറിയിച്ചു. ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ച് ഈ കാലയളവ് പൂര്‍ത്തിയായ ശേഷമായിരിക്കും തീരുമാനമെടുക്കുക.

ഖത്തറിനെതിരെയുള്ള ആരോപണം തള്ളിക്കളയണമെന്ന് യു.എ.ഇ.യും സുഡാനും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. അന്താരാഷ്ട്രസംഘടനകള്‍ ഉന്നയിച്ച പരാതിയില്‍ തൊഴില്‍സംഘടന കഴിഞ്ഞ വര്‍ഷംമുതല്‍ അന്വേഷണം നടത്തുന്നുണ്ട്. രാജ്യത്തെ തൊഴില്‍സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രതിനിധികള്‍ രാജ്യം സന്ദര്‍ശിച്ചിരുന്നു.

തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ഒരുവര്‍ഷം അനുവദിച്ചുകൊണ്ട് 2016 മാര്‍ച്ചില്‍ പ്രഖ്യാപനം വന്നു. അപ്പോഴേക്കും വിവിധ മേഖലകളിലായി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. എങ്കിലും തൊഴില്‍ മാറുന്നതിലും എക്‌സിറ്റ് അടിക്കുന്നതിലുമുള്ള നിബന്ധനകളില്‍ ആംനസ്റ്റി അടക്കമുള്ള സംഘടനകള്‍ പരാതി ഉന്നയിച്ചിരുന്നു.