ഖത്തറില്‍ പുതിയ ജീവനക്കാര്‍ക്ക് ആറുമാസം പ്രൊബേഷന്‍

ദോഹ: ഖത്തറില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് ആറുമാസം വരെ പ്രൊബേഷന്‍ കാലയളവായി നിശ്ചയിക്കാവുന്നതാണെന്ന് തൊഴില്‍ നിയമത്തിലെ 39 ാം വകുപ്പു പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരേസമയം ഒരേ തൊഴില്‍ ദാതാവിന്റെ കീഴില്‍ ഒന്നിലധികം പ്രൊബേഷന്‍ കാലയളവില്‍ ജോലി ചെയ്യാന്‍ സാധിക്കില്ല.

പ്രൊബേഷന്‍ കാലയളവില്‍ തൊഴിലാളിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്നു ദിവസത്തെ
നോട്ടീസ് നല്‍കി ജോലിയില്‍ നിന്നും നിയമപരമായി പിരിച്ചുവിടാവുന്നതാണ് ലിമിറ്റഡ്/ഫിക്‌സഡ് തൊഴില്‍ കരാറുകളുടെ കാലാവധി പരമാവധി അഞ്ചുവര്‍ഷമായാണു നിജപ്പെടുത്താന്‍ സാധിക്കുക. ഇത് രണ്ടുകൂട്ടരുടെയും അനുമതിയോടെ പുതുക്കാവുന്നതാണ്. ഇങ്ങനെ ഒരു പുതിയ കരാര്‍ മുഖേന കാലാവധി നീട്ടാതെ ജോലിയില്‍ തുടര്‍ന്നാല്‍ കരാര്‍ സ്വമേധയാ അണ്‍ലിമിറ്റഡ് ആയി മാറും.

തൊഴിലാളികളുടെ മൊത്തം സര്‍വീസ് കണക്കാക്കുന്നത് ആദ്യം ജോലിയില്‍ പ്രവേശിച്ച ദിവസമുതലായിരിക്കും . കരാര്‍ ഏതെങ്കിലും പ്രത്യേക പ്രോജക്റ്റ് വര്‍ക്കിനു വേണ്ടയാണെങ്കില്‍ ആ പ്രോജക്റ്റ് അവസാനിക്കുന്നതോടെ കരാറും അവസാനിക്കും. നിശ്ചിത പ്രോജക്റ്റ് കഴിഞ്ഞിട്ടും ജോലിയില്‍ തുടര്‍ന്നാല്‍ തുല്യ കാലാവധിക്കു കരാര്‍ പുതുക്കിയതായി കണക്കാക്കും.