ഖത്തറില്‍ സ്വകാര്യ മേഖലിയില്‍ വിദേശികള്‍ക്ക്‌ വിരമിക്കല്‍ പ്രായം 60 ആക്കുന്നു

Untitled-1 copyദോഹ: ഖത്തറില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കാന്‍ തിരുമാനിക്കുന്നതായി റിപ്പോര്‍ട്ട്‌. തൊഴില്‍ മന്ത്രാലയമാണ്‌ നടപടിക്കൊരുങ്ങുന്നത്‌. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ അറുപതു വയസ്സ്‌ കഴിഞ്ഞാല്‍ പിരിച്ചുവിടാന്‍ നിയമപ്രകാരം അനുവാദമുണ്ടെങ്കിലും സ്വകാര്യമേഖലയില്‍ ഇത്തരമൊരു നീക്കം ഇതാദ്യമായാണ്‌. സ്വദേശികളായ ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്‌മ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ 60 കഴിഞ്ഞ വിദേശ ജീവനക്കാരെ ഒഴിവാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാണ്‌ തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നത്‌. ഇക്കാര്യം പ്രാദേശിക അറബ്‌ പത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

സ്വദേശി വല്‍ക്കരണത്തിന്‌ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഖത്തറിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ്‌ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഈ നിബന്ധന നിര്‍ബന്ധമായും നടിപ്പിലാക്കണമെന്ന്‌ നിര്‍ദേശമുണ്ടായിരിക്കുന്നത്‌. എന്നാല്‍ സ്വകാര്യ മേഖലയില്‍ നിയമം നടപ്പിലാക്കിയാല്‍ ഇത്‌ പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ നിരീക്ഷണം.

വര്‍ഷങ്ങളായി ഏറെ പരിചയ സമ്പത്തുള്ള വിദേശ തൊഴിലാളികളെ പെട്ടെന്ന്‌ തൊഴിലിടങ്ങളില്‍ നിന്ന്‌ മാറ്റിയാല്‍ തൊഴില്‍ മേഖലയിക്കും അതോടൊപ്പം രാജ്യത്തിന്റെ സമ്പദ്‌ ഘടനയെയും അത്‌ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌. ഈ പുതിയ നിയമം നടപ്പില്‍ വരുകയാണെങ്കില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അറുപത്‌ വയസ്സു കഴിഞ്ഞ വിദേശികള്‍ക്ക്‌ അവരുടെ താമസ വിസ പുതുക്കുന്നതിന്‌ അനുമതി ലിഭിക്കാനിടയില്ല.

അതെസമയം ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ വിവിധ പദ്ധതികള്‍ക്കായി രാജ്യത്തെത്തി വിസാകാലവധി കഴിഞ്ഞിട്ടും രാജ്യത്തു തുടരുന്ന വിദേശികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കാന്‍ തൊഴില്‍ മന്ത്രാലയം നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.