ഖത്തര്‍ പ്രതിസന്ധി; വെട്ടിലായി കേരളത്തിലെ ഉംറ തീര്‍ത്ഥാടകര്‍

കോഴിക്കോട്: ഖത്തറില്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരെയും ഇത് ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഖത്തര്‍ എയര്‍വേയ്‌സില്‍ സൗദി അറേബ്യയിലേക്ക് ഉംറയ്ക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്.

ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക് പോകാനായി നിരവധി ഗ്രൂപ്പുകളാണ് ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. ഖത്തര്‍ എയര്‍വേയ്‌സിന് ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച സാഹചര്യമാണ് ഇങ്ങനെ അവസ്ഥ ഉണ്ടാവാന്‍ ഇടയാക്കിയിരിക്കുന്നത്.
നിലവില്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ നിന്ന് കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഖത്തര്‍ എയര്‍വേയ്‌സിനെയാണ്. ഉംറ നിര്‍വഹിക്കാനായി ഖത്തര്‍ എയര്‍വേയ്‌സ് വഴി നിരവധി മലയാളികള്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. ഇതിനുപുറമെ നിരവധി വിസിറ്റ് വിസകളില്‍ സൗദിയില്‍ എത്തി തിരിച്ചുവരാന്‍ കഴിയാതെ നില്‍ക്കുന്നവരുമുണ്ട്.

അതെസമയം ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യമൊരുക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരിച്ചു വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.