ഖത്തറിനെതിരായ പരാതികളുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും;സൗദി

Story dated:Sunday June 18th, 2017,12 51:pm

ദോഹ: ഖത്തറിനെതിരെ ഉന്നയിച്ചിരിക്കുന്ന പരാതികളുടെ പൂര്‍ണവിവരം ഉടന്‍ പുരത്തുവിടുമെന്ന് സൗദി. നിലവില്‍ അഭിപ്രായ വ്യാത്യാസങ്ങളുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതെസമയം സൗദിയുടെ ഇത്തരം നടപടി പ്രശ്‌ന പരിഹാരം വൈകിപ്പിക്കാന്‍ മാത്രമേ ഇടയാക്കു എന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന ആശങ്ക.

നിലവില്‍ ഖത്തറിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ വിശദവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കിയിട്ടുള്ള സൗദി വിദേശകാര്യ മന്ത്രി പ്രശ്‌നപരിഹാരത്തിന് തങ്ങള്‍ മുന്നോട്ടുവെക്കുന്ന ഉപാധികള്‍ പട്ടികയില്‍ ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പഴയ ആരോപണങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സൗദിയുടെയും സഖ്യകക്ഷികളുടെയും തീരുമാനമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നതെന്നും പ്രശ്‌നപരിഹാരം വൈകിപ്പിക്കാന്‍ ഇതിടയാക്കുമെന്നുമാണ് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടുന്നത്.

ഖത്തറിന് മേല്‍ തീവ്രവാദ ബന്ധം ആരോപിച്ച് കൊണ്ട് സൗദിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടിക ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഐക്യരാഷ്ട്ര സഭ ആവര്‍ത്തിച്ചു വ്യക്തമാക്കി. പട്ടികയില്‍ സൂചിപ്പിച്ച സംഘടനകളും വ്യക്തികളും നിരവധി രാജ്യങ്ങളില്‍ ജനാധിപത്യപരമായ ഇടപെടലുകള്‍ നടത്തുന്നവരാണെന്നും ഇവരെ ഏകപക്ഷീയമായി തീവ്രവാദികളായി ചിത്രീകരിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഐക്യരാഷ്ട്ര സഭ വക്താവ് സ്റ്റീഫന്‍ ദുജൈരിക് അഭിപ്രായപ്പെട്ടു.

അതെസമയം പ്രശ്‌നപരിഹാരത്തിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നു.