ഖത്തറില്‍ അന്താരാഷ്ട്ര വിവാഹ ഉത്പന്ന സേവന പ്രദര്‍ശനം തുടങ്ങി

ദോഹ: പത്താമത് അന്താരാഷ്ട്ര വിവാഹ ഉത്പന്ന സേവന പ്രദര്‍ശനം ആരംഭിച്ചു. ദോഹ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായ പ്രദര്‍ശനം ഖത്തര്‍ എക്‌സ്‌പോ സി.ഇ.ഒ ഹാദി അല്‍ സെയ്ന്‍ അലി,മേക്കപ്പ് ആര്‍ട്ടിസ്റ്റ് എമ്മി, റോയല്‍ ഇവന്റ് ഉടമ അഹമ്മദ് ബിന്‍ ഹമദ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം അഞ്ച് ദിവസം നീണ്ടു നില്‍ക്കും.

ഖത്തര്‍ ഉള്‍പ്പെടെ തുര്‍ക്കി, ഏഷ്യ തുടങ്ങി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ വിവാഹ വസ്ത്രങ്ങളുടെ ശേഖരങ്ങളും സേവനങ്ങളും അനുബന്ധ സാമഗ്രികളുമാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തില്‍ 8000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ എക്‌സ്‌പോയാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാര്‍, വിവാഹ ആസൂത്രകര്‍, മികച്ച ഹണിമൂണ്‍ പാക്കേജുകള്‍ നല്‍കുന്ന യാത്രാ ഏജന്‍സികള്‍, വിവാഹത്തിനാവശ്യമായ വിഭവങ്ങള്‍ തയ്യാറാക്കുന്നവര്‍ തുടങ്ങിയവരെല്ലാം എക്‌സിബിഷനില്‍ പരിചയപ്പെടുത്തുന്നു. ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.