ഖത്തറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശന പ്രതിസന്ധി ഉടന്‍ പരിഹരിക്കണം:ഐ.എം.എഫ്‌

Untitled-1 copyദോഹ: ഖത്തറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ സ്ഥാപിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്‌) സംഘടിപ്പിച്ച വിദ്യാഭ്യാസ ചര്‍ച്ചയില്‍ ഏകകണ്‌ഠമായ അഭിപ്രായം ഉയര്‍ന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത പ്രതിസന്ധിക്ക്‌ പരിഹാരനിര്‍ദേശങ്ങള്‍ സ്വരൂപിക്കാനായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ കമ്യൂണിറ്റി സ്‌കൂള്‍ രൂപവല്‍കരിക്കേണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട അടിയന്തരമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ സന്നദ്ധമാണെന്ന്‌ പ്രസിഡന്‍റ്‌ ഗിരീഷ്‌കുമാര്‍ വ്യക്തമാക്കി. സ്‌കൂള്‍ പ്രവേശനം ലഭിക്കുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രതിസന്ധിയും ആശങ്കയുമാണ്‌ പ്രധാനമായി ചര്‍ച്ച ചെയ്‌തത്‌. വിദ്യാഭ്യാസ പ്രതിസന്ധി ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഇക്കാര്യത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും വിഷയം അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോസഫ്‌ വര്‍ഗീസ്‌ ചൂണ്ടിക്കാട്ടി. ഖത്തറില്‍ ആറു ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്‌. ഇതില്‍ നാലര ലക്ഷം പേര്‍ തൊഴിലാളികളാണ്‌. അവശേഷിക്കുന്ന രണ്ടു ലക്ഷം പേരാണ്‌ കുടുംബങ്ങളായി ഇവിടെ കഴിയുന്നത്‌. രാജ്യത്താകെ 14 ഇന്ത്യന്‍ സ്‌കൂളുകളിലായി 35,000 മുതല്‍ 40,000വരെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്‌. 2000നും 2500നും ഇടയില്‍ അധ്യാപകരും ജോലി ചെയ്യുന്നുണ്ട്‌. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും കൂടി താങ്ങാവുന്ന വിധത്തില്‍ പര്യാപ്‌തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഖത്തറിലെ ജനസംഖ്യ അസ്വാഭിവകമായ രീതിയില്‍ വര്‍ധിക്കുന്നതാണ്‌ പ്രവേശനപ്രതിസന്ധിയുടെ പ്രധാനകാരണങ്ങളിലൊന്നെന്ന്‌ ഐ.ബി.പി.എന്‍ പ്രസിഡന്‍റ്‌ കെ.എം. വര്‍ഗീസ്‌ പറഞ്ഞു. വിദ്യാഭ്യാസവിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണം. നമ്മുടെ രാജ്യത്തിന്‍െറ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കുന്ന പ്രവാസികളുടെ മക്കള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌. ഇക്കാര്യം അവരുടെ മുന്നില്‍ ശക്തമായി അവതരിപ്പിക്കണം. ഖത്തറില്‍ സ്‌കൂളുകള്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‍കാനൊരുങ്ങുകയാണ്‌. സ്‌മാര്‍ട്ട്‌ ക്‌ളാസ്‌ റൂമുകള്‍ ഉള്‍പ്പടെ നടപ്പാക്കിയില്ലെങ്കില്‍ ലൈസന്‍സ്‌ റദ്ദാകുന്ന അവസ്ഥയുണ്ടാകും. ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുമ്പോള്‍ ചെലവേറും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കമ്യൂണിറ്റി സ്‌കൂള്‍ എന്ന ആവശ്യം അധികൃതരുടെ മുന്നില്‍ കൃത്യമായി അവതരിപ്പിച്ച്‌ പ്രധാനമന്ത്രിയെക്കൊണ്ട്‌ പ്രഖ്യാപിക്കാനാകണമെന്ന്‌ പ്രവാസി ക്ഷേമബോര്‍ഡ്‌ അംഗം ജോപ്പച്ചന്‍ തെക്കേക്കുറ്റ്‌ പറഞ്ഞു.

ഇന്ത്യന്‍ മീഡിയാഫോറം പ്രസിഡന്‍റ്‌ ജിബി മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി.ഷാനവാസ്‌ നന്ദി പറഞ്ഞു.