ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന് ദോഹ സ്‌റ്റേഡിയത്തില്‍ തുടക്കമായി

Footballദോഹ: ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികളില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്ത് ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന് ദോഹ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്ക് മാക് കോഴിക്കോട് കെ എം സി സി വയനാടിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരം വീക്ഷിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ആരാധകരാണ് ദോഹ സ്‌റ്റേഡിയത്തില്‍ എത്തിയത്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറു മണിക്ക് നടക്കും. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, ഖത്തര്‍ ആഭ്യന്തര വകുപ്പ്, കമ്മ്യൂണിറ്റി പൊലീസ്, ട്രാഫിക് പൊലീസ് വകുപ്പുകളില്‍ നിന്നുള്ള ഉന്നത പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രമുഖ മജീഷ്യനും തിരുവനന്തപുരം മാജിക്കല്‍ അക്കാദമിയിലെ ഫാക്കല്‍റ്റിയുമായ ഹാരിസ് താഹയുടെ മാസ്‌കമരിക മാജിക് ഷോ കാണികള്‍ക്ക് ആവേശം പകരുമെന്ന്് സംഘാടകര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സി എഫ് ക്യു കോഴിക്കോട് കെ എം സി സി കണ്ണൂരിനെ നേരിടും. രണ്ടാം മത്സരത്തില്‍സ്‌കിയ തിരുവനന്തപുരം സി എഫ് ക്യു പത്തനംതിട്ടയുമായി ഏറ്റുമുട്ടും.