ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് പുതിയ വിമാനപാത

ദോഹ: ഖത്തറുമായി എട്ട് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നു. ഇതെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12 ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് സഞ്ചാര പാത മാറ്റി.

നിലവില്‍ ദോഹയില്‍ നിന്നുള്ള വിമാനങ്ങള്‍ യുഎഇ വ്യോമാതിര്‍ത്തിയിലൂടെ അറേബ്യന്‍ കടലിന് മുകളിലൂടെയാണ് ഇന്ത്യയിലേക്ക് സഞ്ചരിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒമാന്‍ അതിര്‍ത്തിയായ അറേബ്യന്‍ കടലിന് മുകളിലൂടെ സഞ്ചരിച്ച് ഇറാന്‍വഴി പാകിസ്താന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്ന റൂട്ടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ യാത്രയ്ക്ക് 45 മിനിറ്റ് അധികം എടുക്കേണ്ടി വരുമെന്ന് ജെറ്റ് എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ മറ്റു വിമാന കമ്പനികളും ഈ റൂട്ടുതന്നെയായിരിക്കും സ്വീകരിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

പലവിമാനങ്ങളും സര്‍വീസ് റദ്ദാക്കിയതോടെ നിരവധിപേര്‍ തങ്ങളെ ടിക്കറ്റിനായി സമീപിക്കുന്നതായി ജെറ്റ് എയര്‍വേസ് വൃത്തങ്ങള്‍ വ്യക്തമാക്കി.