ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഈ വര്‍ഷം 2778 തൊഴില്‍ പരാതികള്‍ ലഭിച്ചു

qatar indian embassyദോഹ: ഇന്ത്യന്‍ എംബസിയില്‍ ഈ വര്‍ഷം 2778 തൊഴില്‍ പരാതികള്‍ ലഭിച്ചു. എംബസിയിലെ ലേബര്‍ ആന്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്ഷനിലാണ് ഇത്രയധികം പരാതികള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 3,943 പരാതികളായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 98 ഇന്ത്യക്കാരുണ്ട്. ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ 214 പേരുമുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച എംബസിയുടെ പ്രത്യേക ടീം സെന്‍ട്രല്‍ ജയിലിലും ഡീപോര്‍ട്ടേഷന്‍ സെന്ററിലും സന്ദര്‍ശനം നടത്തിയിരുന്നു.
ആഗസ്തില്‍ 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ 192 പേരാണ് ഖത്തറില്‍ മരിച്ചത്. 2014ല്‍ 279 പേരാണ് മരിച്ചത്. ഖത്തറി അതോറിറ്റികളില്‍ നിന്നുള്ള ആവശ്യപ്രകാരം ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്നവരുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട് ആഗസ്തില്‍  18 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യു ചെയ്തു.
നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വിഷമവും പ്രയാസവും  അനുഭവിച്ച 19 വ്യക്തികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ വിമാനടിക്കറ്റ് അനുവദിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്തില്‍ തൊഴിലാളികള്‍ക്കായി ഒന്‍പത് എയര്‍ടിക്കറ്റുകള്‍ നല്‍കി. ഓപ്പണ്‍ ഹൗസില്‍ അംബാസഡര്‍ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ് എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.  ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് അരവിന്ദ് പാട്ടീലും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.