ഖത്തറിലേക്ക്‌ വീട്ടുജോലിക്ക്‌ വനിതകളെ അയക്കേണ്ടെന്ന്‌ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തീരുമാനം

dohaദോഹ: ഖത്തര്‍ ഉള്‍പ്പെടെ 20 മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്ക് വനിതകളെ വീട്ടുജോലിക്ക് അയക്കേണ്ടതില്ലെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മനുഷ്യാവകാശവും രാജ്യത്തിന്റെ അന്തസ്സും ഉയര്‍ത്തിപ്പിടിക്കാനാണ് ഈ തീരുമാനമെന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്.
വീട്ടുജോലി ചെയ്യുന്ന ഇന്തോനേഷ്യക്കാര്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതായും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും ഇന്തോനേഷ്യന്‍ മാനവവിഭവശേഷി മന്ത്രി മുഹമ്മദ് ഹനീഫ് ദക്കീരി പറഞ്ഞു. മാത്രമല്ല, കഴിഞ്ഞ മാസം സഊദി അറേബ്യയില്‍ രണ്ട് ഇന്തോനേഷ്യക്കാരെ സഊദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിച്ചതും പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ രാജ്യത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.
നിയമപ്രകാരം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ പ്രവാസി തൊഴിലാളികളെ പുറത്തേക്ക് അയക്കുന്നത് നിര്‍ത്താനാവുമെന്നും മന്ത്രി പറഞ്ഞതായി ഇന്തോനേഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആന്‍താര ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വീട്ടുജോലിക്കായി വിദേശത്തേക്കു പോകുന്നത് നിരോധിക്കുന്ന നിയമം മൂന്ന് മാസത്തിനകമാണ് നിലവില്‍ വരിക. എന്നാല്‍ നിലവില്‍ മറ്റു രാജ്യങ്ങളില്‍ വീട്ടുജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമാകില്ല. അല്‍ജീരിയ, സഊദി അറേബ്യ, ബഹറൈന്‍, ഇറാഖ്, ഇറാന്‍, കുവൈത്ത്, ലെബനാന്‍, ലിബിയ, മൊറോക്കോ, മൗറിത്താനിയ, ഈജിപ്ത്, ഒമാന്‍, പാക്കിസ്ഥാന്‍, ഫലസ്തീന്‍, ഖത്തര്‍, സൗത്ത് സുദാന്‍, സിറിയ, തുണീഷ്യ, യു എ ഇ, യമന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് വീട്ടുജോലിക്കായി പോകുന്നതിനെ ഇന്തോനേഷ്യ വിലക്കുന്നത്.