ഖത്തറില്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് തൊഴില്‍കരാര്‍ നിര്‍ബന്ധമാക്കി

ദോഹ: രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍കരാര്‍ നിര്‍ബന്ധമാക്കി. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന പുതിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. സ്‌പോണ്‍സറുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ചുമതലകളും വ്യക്തമാക്കുന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതുമാണ് പുതിയ നിയമം.

പുതിയ നിയമപ്രാകരം സ്‌പോണ്‍സര്‍ക്കൊപ്പം വീടുകളില്‍ താമസിച്ച് ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ കരാറിന്റെയും മാനദ്ണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാകണം ജോലി ചെയ്യേണ്ടത്. അംഗീകൃത തിരഞ്ഞെടുപ്പ് ഏജന്‍സികള്‍ക്ക് മാത്രമാണ് ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കാന്‍ അനുവാദം നില്‍കിയിട്ടുള്ളത്. ഇതുപ്രകാരം 18 വയസിന് താഴെ പ്രായമുള്ളവരെയും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും കൊണ്ട് വീട്ടുജോലി ചെയ്യിക്കരുത്. ഭക്ഷണം, താമസം, വൈദ്യപരിചരണം തുടങ്ങിയവയെല്ലാം തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കണം. തൊഴിലാളികളുടെ അനുവാദമില്ലാതെ അവരെ രാജ്യത്തിന് പുറത്ത് ജോലി ചെയ്യിക്കാന്‍ പാടില്ല.

ജോലി സമയം പരമാവധി പത്തുമണിക്കൂര്‍ ആയിരിക്കണം. ഇതിനിടയില്‍ തന്നെ തൊഴിലാളികളുടെ ഭക്ഷണം, വിശ്രമം, പ്രാര്‍ത്ഥനയ്ക്കുള്ള സമയം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കണം. ശമ്പളം ബാങ്കുകള്‍ വഴി മാത്രമായിരിക്കണം നല്‍കേണ്ടത്. അല്ലാത്ത പക്ഷം തൊഴിലുടമയ്ക്ക് പതിനായിരം റിയാല്‍ പിഴ നല്‍കേണ്ടിവരും. ഡ്രൈവര്‍മാര്‍, നാനികള്‍, പാചകക്കാര്‍,പൂന്തോട്ടജോലിക്കാര്‍ എന്നിവരെയാണ് ഗാര്‍ഹികത്തൊഴിലാളികളായി കണക്കാക്കുന്നത്.

നിലവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പരിഹാരമാകും.