ചൂടില്‍ നിന്ന് രക്ഷനേടാന്‍ ഖത്തറില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ട്രോളികള്‍

ദോഹ: കനത്ത ചൂടില്‍ നിന്ന് രക്ഷനേടാനായി രാജ്യത്തെ ശുചീകരണ തൊഴിലാളികള്‍ക്ക് പുതിയ സ്മാര്‍ട്ട് ട്രോളികള്‍ തയ്യാറാവുന്നു. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പാണ് ശുചീകരണ തൊഴിലാളികള്‍ക്ക് ആശ്വാസമായി മേല്‍ക്കൂരയോടുകൂടിയ ട്രോളികള്‍ പുറത്തിറക്കുന്നത്.

ആദ്യമായാണ് ചൂടില്‍ നിന്ന് രക്ഷനേടാന്‍ തൊഴിലാളികള്‍ക്ക് ഇത്തരമൊരു ട്രോളി തയ്യാറാക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള ഭാരംകുറഞ്ഞ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ച ട്രോളി വേഗത്തില്‍ ചലിപ്പിക്കാന്‍ കഴിയുന്നതാണ്. വാണിജ്യ നിരത്തുകളിലാകും ട്രോളി ശുചീകരണത്തിനായി ഉപയോഗിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ട്രോളിയുടെ സേവനം ലഭിക്കുമെന്ന് ശുചീകരണവിഭാഗം ഡയറക്ടര്‍ ജനറല്‍ സഫാര്‍ മുബാറക് അല്‍ ഷാഫി പറഞ്ഞു. ദോഹയില്‍ 27 ഓളം വാണിജ്യ നിരത്തുകളാണുള്ളത്.

മന്ത്രാലയത്തിന്റെ ഈ പുതിയ സ്മാര്‍ട്ട് ട്രോളി തുടക്കത്തിലെ ഏറെ പ്രശംസനേടിക്കഴിഞ്ഞിരിക്കുകയാണ്.