ചൂട്‌ വര്‍ദ്ധിക്കുന്നു;വെയില്‍ കൊള്ളുന്നത്‌ ത്വക്ക്‌ ക്യാന്‍സറിന്‌ കാരണമാകാം;ഖത്തര്‍ ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്‍

ദോഹ: ത്വക്ക്‌ ക്യാന്‍സറിനെ പറ്റി ജനങ്ങളില്‍ അറിവ്‌ പകരണമെന്ന്‌ ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്‍ ഡര്‍മറ്റോളജി കണ്‍സള്‍ട്ടന്റ്‌ ഡോ.ഹയ അല്‍ മന്നായുടെ അറിയിപ്പ്‌. ഈ രോഗം ആദ്യമേ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ പൂര്‍ണായും മാറ്റാവുന്ന ഒന്നാണ്‌. പതിവായി വെയില്‍ നേരിട്ട്‌ കൊള്ളുന്നവരില്‍ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന്‌ ഇതില്‍ വ്യക്തമാക്കുന്നുണ്ട്‌.

അള്‍ട്രാ വയലറ്റ്‌ റേഡിയേഷന്‍ മുഖേനയാണ്‌ കൂടുതലും തൊലിയിലെ അര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. കുടുംബത്തില്‍ സ്‌കിന്‍ ക്യാന്‍സര്‍ നേരത്തെ ഉണ്ടായിട്ടുള്ളവര്‍ക്ക്‌ അപകട സാധ്യത കൂടുതലാണ്‌.

ശരീരത്തില്‍ ഏതെങ്കിലും അസാധാരണ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിശോധനയ്‌ക്കു വിധേയമാക്കണം. സാധാരണയായി തൊലിപ്പുറത്ത്‌ ഒരു തടിപ്പാണ്‌ ആദ്യം പ്രത്യക്ഷപ്പെടുക. ഈ ഭാഗത്ത്‌ നിറംമാറ്റമുണ്ടാവുകയും ചെയ്യും. പരുപരുത്ത പ്രതലം പോലെ കാണപ്പെടും. ഇത്തരത്തിലുള്ള അവസ്ഥയില്‍ നേരത്തെ തിരിച്ചറിഞ്ഞ്‌ പരിശോധന നടത്തി രോഗ നിര്‍ണയം നടത്താനാകും.

ചൂട്‌ കൂടതലായി ഏല്‍ക്കുന്നവര്‍ ഇടയ്‌ക്കിടയ്‌ക്ക്‌ തൊലി പരിശോധിക്കുന്നത്‌ നന്നായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്‌. പുറംഭാഗം, കാല്‍പാദം, വിരലുകളുടെ ഇട, നഖങ്ങളുടെ താഴ്‌ഭാഗം തുടങ്ങിയ സ്ഥലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതത്തില്‍ നിന്നുള്ള സ്‌കിന്‍ ക്യാന്‍സറില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പകല്‍ 11 നും നാലിനും ഇടയില്‍ നേരിട്ട്‌ സൂര്യപ്രകാശമേല്‍ക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ നിര്‍ദേശിക്കുന്നു. താപനില കൂടിയ അവസരങ്ങളില്‍ വെയില്‍കൊള്ളുന്നത്‌ ആരോഗ്യത്തെ ഗുരുതരമായ രീതിയില്‍ ബാധിക്കും. ഈ സമയങ്ങളില്‍ കുട ചൂടുകയോ ശരീരത്തില്‍ വെയില്‍ കൊള്ളാത്ത രീതിയിലുള്ള വസ്‌ത്രധാരണമോ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ടത്‌ അത്യാവശ്യമാണെന്നും ഡോക്ടര്‍ പറയുന്നു.