ഖത്തറില്‍ ചൂട്‌ വര്‍ദ്ധിക്കുന്നു;പ്രായമായവരെ ശ്രദ്ധിക്കാന്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ്‌

images (1)ദോഹ: അന്തരീക്ഷ താപനിലയിലെ വര്‍ധനവും ഈര്‍പ്പവുമുള്ള സാഹചര്യത്തില്‍ പ്രായക്കൂടുതലുള്ളവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജെറിയാട്രിക്ക്‌സ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ചൂടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രായമായവരെ എളുപ്പത്തില്‍ സ്വാധീനിക്കും.

കുടുംബത്തിലും സുഹൃത്തുക്കളിലും അയല്‍പക്കത്തുമുള്ള പ്രായമായവര്‍ സുരക്ഷിതരാണോയെന്ന് ഇടക്കിടെ ഉറപ്പ് വരുത്തണമെന്ന് റുമൈല ആശുപത്രിയിലെ ജെറിയാട്രിക്ക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മര്‍വാന്‍ റമദാന്‍ ആവശ്യപ്പെട്ടു. ഒറ്റയ്ക്ക് താമസിക്കുന്നവരുടേയും ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവരുടേയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മറവി രോഗം, പ്രമേഹം തുടങ്ങിയ അസുഖമുള്ള പ്രായമായവര്‍ക്ക് ചൂട്, ദാഹം തുടങ്ങിയവ പെട്ടെന്ന് അനുഭവപ്പെടണമെന്നില്ല. അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് വളരെ പെട്ടെന്ന് സൂര്യാഘാതം ബാധിക്കാനും സാധ്യതയുണ്ട്. ചൂട് വര്‍ധിക്കുന്നതോടെ നേരത്തെയുള്ള രോഗങ്ങളും ഗുരുതരമായിത്തീരാനും സാധ്യതയുണ്ട്. ചൂടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ ചില മരുന്നുകളുടെ ഉപയോഗവും കാരണമാകാറുണ്ട്. ഇതിന് പരിഹാരമായി തങ്ങള്‍ കഴിക്കുന്ന മരുന്നുകളില്‍ അത്തരത്തില്‍പ്പെട്ടവയുണ്ടോ എന്ന് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തി പരിഹാരം തേടണമെന്നും ഡോ. റമദാന്‍ നിര്‍ദ്ദേശിച്ചു.

പ്രായമുള്ളവര്‍ രാവിലെ പത്ത് മണിക്കും നാലിനുമിടയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും കഠിനമായ ജോലികള്‍ ചെയ്യാതിരിക്കുകയും വേണം. ശരീരം കൂടുതല്‍ ചൂടാകുന്നത് ഒഴിവാക്കാന്‍ മിതമായ രീതിയില്‍ മാത്രം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മദ്യം, കഫീന്‍ അടങ്ങിയ ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയും ഒഴിവാക്കേണ്ടതുണ്ട്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ കാണുകയും വേണമെന്ന് ഡോ. മര്‍വാന്‍ റമദാന്‍ ആവശ്യപ്പെട്ടു.