ഖത്തറില്‍ ചൂടും പൊടിക്കാറ്റും തുടരുന്നു; കണ്ണിന് അസ്വസ്ഥതയുള്ളവര്‍ വൈദ്യസഹായം തേടണം

ദോഹ: രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്നലെ വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുന്നതിനെ തുടര്‍ന്ന് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഡൈവര്‍മാക്ക് ആഭ്യന്തരമന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം മുന്നറിയിപ്പ് നല്‍കിയത് ഏറെ ഉപകാരപ്പെട്ടു.

ആസ്മ, ശ്വാസകോശ രോഗങ്ങളുള്ളവരും മുക്കിനോ കണ്ണിനോ അടുത്ത് ശസ്ത്രക്രിയ കഴിഞ്ഞവരും പുറത്തിറങ്ങരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുജനങ്ങളോടും പൊടിക്കാറ്റില്‍ നിന്നും സംരക്ഷണത്തിനായി മാസ്‌ക് ധരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതെസമയം ഈ സമയത്ത് കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഏറ്റവും അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി വൈദ്യസഹായം തേടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

കനത്ത ചൂടായ 48-49 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ 43 ഡിഗ്രിയും അതിന് താഴെയുമാണ് ചൂട് അനുഭവപ്പെട്ടത്. ഏറ്റവും കുറഞ്ഞ പകല്‍ താപനില രേഖപ്പെടുത്തിയത് അല്‍ റുവായിസില്‍ ആയിരുന്നു 36 ഡിഗ്രി.