ഖത്തര്‍ വേനലിലേക്ക്;കനത്തചൂടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം;മുന്‍കരുതല്‍ എടുക്കണം

ദോഹ: കനത്തമഴക്കും കൊടും ശൈത്യത്തിനും ശേഷം രാജ്യം കനത്ത ചൂടിലേക്ക്. ചൂട് തുടങ്ങിയതോടെ ജനങ്ങളോട് ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം രംഗത്തിത്തിയിട്ടുണ്ട്. പ്രധാനമായും നിര്‍മ്മാണമേഖലയില്‍ തൊഴിലെടുക്കുന്നവരാണ് ഏറെ ശ്രദ്ധിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, വൃക്കരോഗങ്ങള്‍ എന്നിവയുള്ളവരില്‍ ചൂടുകാലരോഗങ്ങള്‍ വളരെവേഗം പിടിപെടും. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചൂട് കനക്കുന്നതിനുമുമ്പുതന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. 50 ഡിഗ്രി ചൂടില്‍ പത്തുമിനിറ്റ് പുറത്തുനിന്നെന്നുകരുതി രോഗങ്ങള്‍ പിടിപെടണമെന്നില്ല. പക്ഷേ, അരമണിക്കൂറോ അതിലധികമോ ഈ ചൂടില്‍നിന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

ചൂടുകാലത്ത് തലവേദന, ഛര്‍ദി, അമിതമായ ക്ഷീണം, തൊണ്ട വരളുക എന്നീ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നന്നായി വെള്ളംകുടിക്കുകയും ആവശ്യത്തിന് വിശ്രമമെടുക്കുകയും വേണം. മാത്രമല്ല, ചൂടുകാലത്ത് ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും അലര്‍ജിപോലുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാം. ചൂടുമൂലം അമിതമായ ക്ഷീണം അനുഭവപ്പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ വൈദ്യപരിശോധന തേടുകയാണ് വേണ്ടത്.

ചൂടുകനക്കുമ്പോള്‍ സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് റേഡിയേഷന്‍ വളരെ കൂടുതലായിരിക്കും. അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായും പതിക്കുന്ന ഉച്ചയ്ക്ക് 12-നും വൈകിട്ട് അഞ്ചിനും ഇടയിലുള്ള സമയം പുറത്ത് ജോലിചെയ്യുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ചര്‍മസംബന്ധമായ രോഗങ്ങള്‍ വരുന്നത് ഒഴിവാക്കാം. അള്‍ട്രാ വയലറ്റ് രശ്മികളില്‍നിന്നും സംരക്ഷണം നല്‍കുന്ന മോയ്‌സ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് ഒരുപരിധിവരെ ചര്‍മത്തെ സംരക്ഷിക്കും.

വെള്ളം അനിവാര്യം ചൂടുകാലത്ത് ഏറ്റവും ഗുരുതരമായി പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒന്നാണ് മൂത്രാശയത്തിലെ കല്ല്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരില്‍ കിഡ്‌നിസ്റ്റോണ്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥയുടെ പ്രത്യേകതയും സമയക്രമം തെറ്റിയുള്ള ആഹാരശീലവുമാണ് ഇത്തരം രോഗങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്നത്.

സൂര്യപ്രകാശമേറ്റ് ജോലിചെയ്യുന്നവരില്‍ വിയര്‍പ്പ് കൂടുന്നതിനനുസരിച്ച് മൂത്രത്തിന്റെ അളവുകുറയുകയും ചെയ്യും. കാല്‍സ്യം, ഓക്‌സലേറ്റ്, യൂറേറ്റ് ലവണങ്ങള്‍ പരല്‍രൂപത്തില്‍ അടിയുന്നതാണ് മൂത്രാശയക്കല്ലുകള്‍. ശരീരത്തിലെ ജലം നഷ്ടപ്പെടുന്നതും വിറ്റാമിനുകളുടെ കുറവും കാലാവസ്ഥയും പാരമ്പര്യവുമെല്ലാം മൂത്രാശയക്കല്ലുകള്‍ക്ക് കാരണമാകാറുണ്ട്. ചൂടുകാലത്ത് സൂര്യപ്രകാശമേറ്റ് ജോലിചെയ്യുന്ന നിര്‍മാണമേഖലയിലുള്ള തൊഴിലാളികള്‍ ഏറ്റവുമധികം വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

ചൂടുകാലത്ത് ദിവസേന കുറഞ്ഞത് രണ്ടരലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. മാത്രമല്ല, ഭക്ഷണത്തില്‍ ഉപ്പിന്റെ അളവും കുറയ്ക്കണം. മൂത്രാശയക്കല്ലുകള്‍ക്ക് കാരണമാകുന്ന ഭക്ഷണങ്ങളും ചൂടുകാലത്ത് ഒഴിവാക്കാന്‍ ശ്രമിക്കണം. അമിതമായി പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും വേനല്‍ക്കാലത്ത് മാംസാഹാരം കൂടുതല്‍ കഴിക്കുന്നതുമെല്ലാം ഓക്‌സലേറ്റിന്റെയും യൂറിക് ആസിഡിന്റെയും അളവുകൂട്ടുകയും കിഡ്‌നിസ്റ്റോണിന് കാരണമാവുകയുംചെയ്യും. പൈപ്പ് ജലത്തെ ആശ്രയിക്കാതെ കാത്സ്യത്തിന്റെ അംശം നീക്കംചെയ്ത മിനറല്‍ വാട്ടര്‍ തന്നെ കുടിക്കാന്‍ ശ്രമിക്കുക. അതോടൊപ്പംതന്നെ ഭക്ഷണത്തില്‍ കൊഴുപ്പ്, മധുരം എന്നിവയും നിയന്ത്രിക്കുക.തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പില്‍ കപറയുന്നത്.