ഖത്തറില്‍ കനത്ത ചൂട്‌; ഉപഭോക്താക്കളെ കബളിപ്പിച്ച്‌ എസി സര്‍വ്വീസ്‌ കമ്പനികള്‍

Untitled-1 copyദോഹ: ഖത്തറില്‍ കനത്ത ചൂട്‌ തുടരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്ന എസി സര്‍വീസ്‌ കമ്പനികള്‍ ആളുകളെ വലയ്‌ക്കുന്നതായി പരാതി. കൃത്യമായി സര്‍വീസ്‌ നടത്താതെയും സര്‍വീസുകള്‍ നടത്തുന്നതില്‍ തന്നെ ഇപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതായുമാണ്‌ പ്രധാന പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്‌. ചൂടിന്‌ ശക്തി കൂടുമ്പോള്‍ പല എസികള്‍ക്കും അത്‌ താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഉണ്ടാവുന്നത്‌. ഇതോടെ കംബര്‍സര്‍, കപ്പാസിറ്റര്‍ തുടങ്ങി പ്രധാനപ്പെട്ട പാര്‍ട്‌സുകള്‍ കേട്‌ വരിക സ്വാഭാവികമാണ്‌. എന്നാല്‍ ഇത്തരത്തില്‍ കേടുവരുന്ന ഭാഗങ്ങള്‍ മാറ്റി വെക്കുമ്പോള്‍ പലതും നിലവാരമില്ലാത്തതാണെന്ന കാര്യം ഉപഭോക്താവ്‌ അറിയുന്നില്ല.

ഇത്തരത്തില്‍ മാറ്റിവെക്കപ്പെടുന്ന പലതും ഒര്‍ജിനലെന്ന്‌ പറഞ്ഞ്‌ നല്‍കുന്നത്‌ ഡ്യൂപ്ലിക്കേറ്റോ അല്ലെങ്കില്‍ ഉപയോഗിച്ചവയോ ആണ്‌. ഇതുകൊണ്ട്‌ തന്നെ മാറ്റിവെക്കുന്ന പലതും പിന്നീട്‌ കൃത്യമായി പ്രവര്‍ത്തിക്കാതാവുകയാണ്‌ ചെയ്യുന്നത്‌. ഇതോടെ ആളുകള്‍ പുതിയത്‌ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളത്‌. അതുകൊണ്ടു തന്നെ പല കമ്പനികളും ചൂട്‌ കാലത്തെ തങ്ങളുടെ ചാകരയായാണ്‌ കരുതുന്നത്‌. സര്‍വീസ്‌ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന പല ടെകിനീഷ്യന്‍ മാരും വേണ്ടത്ര പ്രാവിണ്യമില്ലാത്തവരാണെന്നതും ഏറെ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്നുണ്ട്‌.

അതെസമയം ഉപഭോക്താക്കള്‍ തങ്ങളുടെ അവകാശത്തെ കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള വഞ്ചനകളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കഴിയും. ഇതിനായി സര്‍വ്വീസിനെത്തുന്ന തൊഴിലാളിയില്‍ നിന്ന്‌ കൃത്യമാ ബില്ല്‌ വാങ്ങുക, ഐഡിയും പേരും പ്രത്യേകം എഴുതി വാങ്ങുക വഞ്ചിക്കപ്പെടുകയാണെന്ന്‌ തോന്നിയാല്‍ ഉടന്‍തന്നെ വാണിജ്യ മന്ത്രാലയത്തിന്‌ കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ സമിതിയില്‍ പരാതി നല്‍കുകയും ചെയ്യണം.