റംസാന്‍; ഖത്തറില്‍ ആശുപത്രി സമയങ്ങളില്‍ മാറ്റം

ദോഹ: റംസില്‍ ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം. അതെസമയം അത്യാഹിത വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഹമദ് ജനറല്‍ ആശുപത്രിയിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്ക് രാവിലെ എട്ട് മുതല്‍ ഒരു മണി വരേയും വൈകിട്ട് എട്ടര മുതല്‍ പതിനൊന്നര വരെയുമാകും ഞായര്‍ മുതല്‍ വ്യാഴം വരെ പ്രവര്‍ത്തിക്കുക. താഴത്തെ നിലയിലെ പ്രധാന ഔട്ട്പേഷ്യന്റ് (ഒ.പി.ഡി.)ഫാര്‍മസി ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ പത്തര വരെയും വൈകിട്ട് എട്ടര മുതല്‍ പന്ത്രണ്ട് വരെയും പ്രവര്‍ത്തിക്കും.

സാംക്രമിക രോഗ ചികിത്സാ കേന്ദ്രത്തില്‍ ഞായര്‍ മുതല്‍ ബുധന്‍ വരെ ഒ.പി.ഡി. ക്ലിനിക്കുകള്‍ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയും വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഒന്ന് വരെയും പ്രവര്‍ത്തിക്കും. ഫാര്‍മസി, റേഡിയോളജി, ലബോറട്ടറി തുടങ്ങിയ അനുബന്ധ വിഭാഗങ്ങളും ഇതേ സമയങ്ങളിലാകും പ്രവര്‍ത്തിക്കുക. ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒ.പി.ഡി. ക്ലിനിക്കും ഫാര്‍മസിയും ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഒന്ന് വരെയാകും പ്രവര്‍ത്തിക്കുക.

വനിതാ ആശുപത്രി ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഒന്ന് വരെയും വൈകിട്ട് ഏഴര മുതല്‍ പത്തര വരെയും പ്രവര്‍ത്തിക്കും. ഒ.പി.ഡി ഫാര്‍മസിയും ഇതേ സമയത്തായിരിക്കും പ്രവര്‍ത്തിക്കുക. അല്‍ വഖ്റയില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ ഒ.പി.ഡി. രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെയായിരിക്കും. ദന്തല്‍ ക്ലിനിക്ക് രാവിലെ എട്ട് മുതല്‍ ഒന്നു വരെയും വൈകിട്ട് എട്ട് മുതല്‍ 11 വരെയും പ്രവര്‍ത്തിക്കും. പ്രധാന ഫാര്‍മസി രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെയും പ്രവര്‍ത്തിക്കും.