ഖത്തറില്‍ അവധി ദിനങ്ങളിലും അടിയന്തര വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും; എച്ച്എംസി

ദോഹ: രാജ്യത്ത് ഈദുല്‍ ഫിത്വര്‍ അവധി ദിവസങ്ങളിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളും ഇന്‍പേഷ്യന്റ് സേവനങ്ങളും ലഭ്യമാകും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍(എച്ച്എംസി)നാണ് ഇക്കാര്യം അറിയിച്ചത്. എച്ച്എംസിക്ക് കീഴുള്ള എല്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനത്തില്‍ പെരുന്നാള്‍ അവധിയില്‍ മാറ്റമുണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഹാര്‍ട്ട് ആശുപത്രി, അര്‍ബുദ പരിചരണം, ഗവേഷണ ദേശീയകേന്ദ്രം, അര്‍ബുദ രോഗികള്‍ക്കുള്ള അടിയന്തര പരിചരണ കേന്ദ്രം, ഡയാലിസിസ് സെന്റര്‍, പീഡിയാട്രിക് എമര്‍ജന്‍സി ക്ലിനിക്, ബ്ലഡ് ബാങ്ക് തുടങ്ങിയവയെല്ലാം തന്നെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ എല്ലാ ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങള്‍ക്കും 13 മുതല്‍ 18 വരെ അവധിയായിരിക്കും.

ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഓഫീസ്, ഫാര്‍മസി തുടങ്ങിയവയും പ്രവര്‍ത്തിക്കും. രോഗികള്‍ക്ക് ക്ലിനിക്കുകളുടെ പ്രവര്‍ത്തന സമയം അറിയാനും അപ്പോയിന്റ്‌മെന്റ് എടുക്കാനും ഹമദ് കസ്റ്റമര്‍ സര്‍വീസ് സെന്ററിന്റെ (നെസ്മക്) സേവനം ഉപയോഗപ്പെടുത്താം. നമ്പര്‍ 16060. എന്നാല്‍ 15,16,17 വരെ നെസ്മക് അവധിയായിരിക്കും.