ഖത്തറില്‍ കനത്ത ചൂട്; വരും ദിവസങ്ങളില്‍ പൊടിക്കാറ്റും

ദോഹ: രാജ്യത്ത് കനത്ത ചൂട് തുടരുന്നു. കഴിഞ്ഞദിവസം ചിലയിടങ്ങളില്‍ രേഖപ്പെടുത്തിയ ചൂട് 48 ഡിഗ്രി സെല്‍ഷ്യസാണ്. ഖത്തറിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിലും ചൂടിന്റെ കാഠിന്യം കൂടുതലാണെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട്.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശരീര ഭാഗങ്ങളില്‍ നേരിട്ട് ചൂട് പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മണ്‍സൂണ്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിച്ചു തുടങ്ങുമ്പോള്‍ ജൂണില്‍ ഖത്തറില്‍ അതേന്യൂനമര്‍ദം ചൂട് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഖത്തറില്‍ കാറ്റിന് ശക്തിയേറും. അല്‍ ബവാറിഫ് എന്നറിയപ്പെടുന്ന ഈ കാറ്റ് ചൂട് വര്‍ധിപ്പിക്കുന്നതോടൊപ്പം പൊടിയേറ്റുകയും ചെയ്യും. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ ശക്തമായി പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ചൂട് ശക്തമായതോടെ ടാപ്പുകളിലെ വെള്ളത്തിനുപോലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതും ആളുകളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Related Articles