ഖത്തറില്‍ നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാക്കും

ദോഹ: രാജ്യത്ത് നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാക്കും. എല്ലാ തുറന്ന തൊഴിലിടങ്ങളിലും നിയമം നടപ്പിലാക്കും. ഒഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. നാളെ മുതല്‍ 31 ാം തിയ്യതിവരെ അഞ്ചുമണിക്കൂറായിരിക്കും ജോലി സമയം.

തുറന്ന സ്ഥലങ്ങളില്‍ പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പണികള്‍ കര്‍ശനമായി വിലക്കേര്‍പ്പെടുത്തും. ഉച്ചസമയങ്ങളില്‍ നഷ്ടമാകുന്ന സമയം വൈകീട്ടുള്ള രണ്ടാം ഷിഫ്റ്റില്‍ ലഭിക്കുന്ന തരത്തില്‍ ജോലിയില്‍ മാറ്റം വരുത്തും. ഇക്കാര്യങ്ങള്‍ നടപ്പിലാക്കാത്ത തൊഴില്‍ കമ്പനികള്‍ ഉടന്‍ അടച്ചുപൂട്ടുമെന്ന് തൊഴില്‍മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അനധികൃതമായി ആരെങ്കിലും പകല്‍ 11 മണിക്കുശേഷം തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാവുന്നതാണ്. പരാതി ലഭിച്ച ഉടന്‍ തന്നെ ഇവര്‍ക്കെതിരെ നടപടിയെടുക്കും. രാജ്യത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിയമം നടപ്പിലാക്കിയിരിക്കുന്നത്.