ഖത്തറില്‍ പ്രവാസി പൗരന്‍മാരോടും പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം

ദോഹ: കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകര്‍ച്ചപ്പനി പടര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രവാസികളും പൗരന്‍മാരും സൗജന്യമായി നല്‍കി വരുന്ന പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

ശൈത്യമായതോടെ പകര്‍ച്ചപ്പനി പടരുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരും നടപടിയുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഉയര്‍ന്ന അപകടസാധ്യതയുള്ള പകര്‍ച്ചപ്പനി പിടിപെട്ടാലുള്ളഗുരുതര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ബോധവത്കരണ പരിപാടികളാണ് നടത്തിവരുന്നത്.

ഈവര്‍ഷം സെപ്റ്റംബര്‍വരെ വ്യത്യസ്തപ്രായക്കാരായ 80,000 പേര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി പ്രതിരോധ കുത്തവെപ്പ് ലഭിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

പ്രമേഹം, ആസ്തമ, ഹൃദ്‌രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, വൃക്ക തകരാര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയ രോഗങ്ങളുള്ളവരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള വയോധികരും ആറുമാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളും ഗര്‍ഭിണികളും ആരോഗ്യമോഖലയില്‍ ജോലി ചെയ്യുന്നവരും നിര്‍ബന്ധിതമായി പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.