ഖത്തറില്‍ അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ വിവരം നല്കണം

Doha-Excitingദോഹ: അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ വിവരം നല്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രചരണം തുടങ്ങുന്നു.  അഴിമതിയില്‍ നിന്നും രക്ഷ നേടാന്‍ ഖത്തറിന് അര്‍ഹതയുണ്ട് എന്ന തലക്കെട്ടിലാണ് സര്ക്കാറിന്റെ പ്രചരണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന സാമ്പത്തിക അഴിമതിയും പൊതുസമ്പത്ത് തട്ടുന്നതും രാജ്യത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതാണ് കാംപയിന്‍.  എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള പരാതികളും സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ  പരസ്യം അറിയിക്കുന്നത്.
സാമ്പത്തിക- രാഷ്ട്രീയ സാമൂഹിക അസന്തുലിതാവസ്ഥയ്ക്ക് അഴിമതി കാരണമാകുമെന്ന് കാംപയിനിന്റെ ഭാഗമായ പരസ്യം പൊതുജനങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ട്. നീതിയുടെ കരങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന ആശ്വാസവാക്കും പരസ്യം നല്‍കുന്നു.
രാജ്യത്തെ ബിസിനസ് സംരംഭങ്ങള്‍ അഴിമതിയുടെ ബലിയാടുകളാണ്. വലിയ കമ്പനികള്‍ വന്‍തുക കൈകൂലി നല്‍കി പദ്ധതികള്‍ സ്വന്തമാക്കുമ്പോള്‍ ചെറിയ കമ്പനികള്‍ ചെലവഴിച്ച പണം തിരിച്ചു ലഭിക്കാനിടയില്ലാതെ പ്രയാസപ്പെടുകയാണ്. മിഡില്‍ ഈസ്റ്റില്‍ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഖത്തറെങ്കിലും 2013ല്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി സ്ഥാനമേറ്റെടുത്തതോടെ അഴിമതി തുടച്ചുനീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് കൈകൂലി നല്‍കാന്‍ ശ്രമിച്ച സിറിയന്‍ യുവതിക്ക് ശിക്ഷ വിധിച്ചിരുന്നു. ഈ യുവതി കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ്. 10,000 റിയാല്‍ പിഴയും ഒരു വര്‍ഷത്തെ തടവിന് ശേഷം നാടുകടത്തലുമാണ് ഇവര്‍ക്ക് ലഭിച്ച ശിക്ഷ. ആഗോളാടിസ്ഥാനത്തില്‍ അഴിമതി സൂചികയില്‍ ഏറ്റവും കുറഞ്ഞ അഴിമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 26-ാം സ്ഥാനത്താണ് ഖത്തര്‍. അഴിമതി ശ്രദ്ധയില്‍ പെട്ടാല്‍ 3353199933431999 എന്നീ നമ്പറുകളിലോ aco@pp.gov.qa എന്ന ഇ- മെയില്‍ വിലാസത്തിലോ പേര് വെളിപ്പെടുത്താതെ തന്നെ വിവരമറിയിക്കാവുന്നതാണ്.