ഖത്തറില്‍ പ്രവാസി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വീണ്ടും വെട്ടിക്കുറയ്‌ക്കുന്നു

Untitled-1 copyദോഹ: ഖത്തറില്‍ പ്രവാസി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വീണ്ടും വെട്ടിച്ചുരുക്കാന്‍ നീക്കം ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉയര്‍ന്ന വേതനത്തില്‍ ജോലി ചെയ്യുന്നവരെയാണ്‌ ഇത്‌ പ്രധാനമായും ബാധിക്കുക. വിവിധ മന്ത്രാലയങ്ങള്‍ക്ക്‌ കീഴില്‍ ഉയര്‍ന്ന ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും കൈപ്പറ്റി ജോലി ചെയ്യുന്ന വിദേശികളായ ജീവനക്കാര്‍ക്ക്‌ ഇനി മുതല്‍ വീടുകള്‍ അനുവദിക്കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. പ്രാദേശിക അറബ്‌ പത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായാണ്‌ ഈ നീക്കം നടക്കുന്നതെന്നാണ്‌ സൂചന.

പുതിയ നിയമ വ്യവസ്ഥ ഈ ശിപാര്‍ശകള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ നടപ്പിലാക്കുക എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്ലാസ്‌ ഏഴിലോ അതിനു മുകളിലോ ചെയ്യുന്ന സ്വദേശികളല്ലാത്ത ജീവനക്കാര്‍ക്കാണ്‌ ഹൗസിംഗ്‌ അലവന്‍സ്‌ റദ്ദ്‌ ചെയ്യുന്നത്‌. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന്‌ നിരവധി വിദേശികളെ പിരിച്ചുവിടുകയും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്‌തതിനു പിന്നാലെയാണ്‌ ഇപ്പോള്‍ ഉയര്‍ന്ന തസ്‌തികളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ അനുവദിച്ചിരിക്കുന്ന താമസ സൗകര്യം കൂടി ഒഴിവാക്കുന്നത്‌. പുതിയ നിയമം അനുസരിച്ച്‌ ഈ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തി തൊഴില്‍ കരാര്‍ പുതുക്കുകയോ കരാര്‍ പുതുക്കുമ്പോള്‍ വീട്‌ അനുവദിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കുകയോ ചെയ്യാനാണ്‌ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.