ഖത്തറിലെ സര്‍ക്കാര്‍ രേഖകള്‍ ഇനി മുതല്‍ കടലാസിലില്ല

Untitled-1 copyദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ക്രമങ്ങള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര എഴുത്തുകുത്തുകള്‍ ഇലക്ട്രോണിക് സര്‍വീസുകളിലേക്ക് മാറി. ആഭ്യന്തര മന്ത്രാലയത്തിനകത്തെ 266 സര്‍വീസുകള്‍ ഇതിനകം ഇലക്ട്രോണിക്കിലേക്ക് മാറ്റിയതായും 18 എണ്ണം ഉടന്‍ മാറ്റുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ മാലിക്കി, സ്ട്രാറ്റജിക്ക് പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്മാന്‍ മാജിദ് അല്‍ സുലൈത്തി, പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുബാറക്ക് സാലിം അല്‍ ബുനൈനിന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചത്.

2016 അവസാനത്തോടെ കടലാസ് രഹിത എഴുത്തുകുത്തുകളാണ് നടപ്പാക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 90 ശതമാനം പ്രവര്‍ത്തനങ്ങളും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായും പരിസ്ഥിതി സൗഹൃദമാക്കാനും കടലാസിന്റെ ഉപയോഗം കുറക്കാനുമാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷം ഇതിനകം 16934 ഇന്റേണല്‍ ആപ്ലിക്കേഷനുകള്‍ കടലാസ് രഹിതമായാണ് നീക്കിയത്. മെയിന്റനന്‍സ് ആന്റ് സര്‍വീസ് അപേക്ഷകള്‍, ടെലിഫോണിനുള്ള അപേക്ഷകള്‍, ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ള ആവശ്യങ്ങള്‍ തുടങ്ങിയവയാണ് ഇലക്ട്രോണിക് മാര്‍ഗ്ഗത്തിലൂടെ നടപ്പാക്കിയത്. കടലാസിലുള്ള ഫോമുകളെല്ലാം നിലവില്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 80 മില്ല്യന്‍ രേഖകളാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

ഏറ്റവും സുരക്ഷിതമായ ഇന്റേണല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാണ് ഈ സമ്പ്രദായം നടപ്പാക്കുന്നതെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.