അപകടങ്ങളില്ലാതെ 33 വര്‍ഷം പിന്നിട്ട് ഖത്തര്‍ ഗ്യാസ്

ദോഹ: അപകടങ്ങളില്ലാതെ 33 വര്‍ഷം പിന്നിട്ട് ഖത്തര്‍ ഗ്യാസ്. അഞ്ചുകോടി മനുഷ്യ മണിക്കൂറുകള്‍ പിന്നിട്ട നേട്ടമാണ് ഖത്തര്‍ ഗ്യാസ് സ്വന്തമാക്കിയിരിക്കുന്നത്. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഖത്തര്‍ ഗ്യാസിന്റെ ജീവനക്കാരും കരാറുകാരും ഈ നാഴികക്കല്ല് പിന്നിട്ടതെന്ന് ഖത്തര്‍ ഗ്യാസ് സിഇഒ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ താനി വ്യക്തമാക്കി.

നിലിവില്‍ ജോലി സ്ഥലങ്ങളി ഉണ്ടാവാന്‍ ഇടയുള്ള എല്ലാ അപകടങ്ങളെയും ഇല്ലാതാക്കാനായി ചിട്ടയായ സമീപനമാണ് ഖത്തര്‍ ഗ്യാസ് പിന്‍തുടരുന്നത്. അതിന്റെ നേട്ടമാണ് ഇതെന്നും ഖത്തര്‍ ഗ്യാസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അപകട രഹിത തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കാനാണു ഖത്തര്‍ ഗ്യാസ് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ലോക നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും മുന്‍കരുതലുമാണ് ഖത്തര്‍ ഗ്യാസ് പിന്തുടരുന്നത്. 1984 ല്‍ രൂപീകരിച്ച ഖത്തര്‍ ഗ്യാസ് ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്‍പാദക കമ്പനിയാണ്. പ്രതിവര്‍ഷം 42 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉല്‍പാദനമാണ് ഖത്തര്‍ ഗ്യാസ് നടത്തുന്നത്. 1996 നുശേഷം ലോകത്തെ 28 രാജ്യങ്ങള്‍ക്കു ഖത്തര്‍ ഗ്യാല് എന്‍എന്‍ജി കാര്‍ഗോ നല്‍കിയിട്ടുണ്ട്.