ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലീഗ് മത്സരം; 8 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

imagesദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലീഗ് മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത പതിനാറ് ടീമുകളില്‍നിന്ന് എട്ട് ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
മാക് കോഴിക്കോട്, എഡ്‌സോ എറണാകുളം, കെ എം സി സി  കണ്ണൂര്‍, ഫ്രന്റ്‌സ് ഓഫ് നിള പാലക്കാട്, കെ എം സി സി മലപ്പുറം, കെ എം സി സി തൃശൂര്‍, മംവാഖ് മലപ്പുറം, സ്‌കിയ തിരുവനന്തപുരം എന്നിവയാണ് ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍.
കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ച് ഒന്‍പത് പോയിന്റോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കെ എം സി സി കണ്ണൂര്‍, മലപ്പുറം ടീമുകള്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ രണ്ട് വിജയവും ഒരു പരാജയവുമായി ആറ് പോയിന്റോടെ മംവാഖ് മലപ്പുറവും ഒരു വിജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റ് നേടി മാക് കോഴിക്കോടും തങ്ങളുടെ ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനക്കാരായി. ഒന്നാം സ്ഥാനക്കാര്‍ രണ്ടാം സ്ഥാനക്കാരുമായി മാറ്റുരക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹാ സ്റ്റേഡിയത്തില്‍ നടക്കും.