ഖത്തറില്‍ ഭക്ഷ്യോത്പന്നങ്ങളില്‍ പോഷക ഘടങ്ങളുടെ ലേബലുകള്‍ നിര്‍ബന്ധമാക്കി

ദോഹ: രജ്യത്തെ വിപണിയില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങളില്‍ പോഷക ഘടകങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ലേബലുകള്‍ പതിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. ഈ പുതിയ ഉത്തരവ് ജനുവരി ഒന്നു മുതല്‍ പ്രബല്യത്തില്‍ വന്നു.

പുതിയ ഉത്തരവുപ്രകാരം ഭക്ഷ്യോത്പന്നങ്ങളിലെ കലോറിയുടെ അളവുകൂടാതെ ഓരോ പോഷകഘടകങ്ങളെക്കുറിച്ചും വ്യക്തമായി ലേബലില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍, പോഷക ഘടകം, കലോറി എന്നിവ അടിസ്ഥാനമാക്കി ഭക്ഷ്യോത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ നടപടി ഏറെ സഹായകമാകും. 2016 മേയില്‍ ഇതുസംബന്ധിച്ച് വ്യാപാരികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നതായി മന്ത്രാലയം വ്യക്തമാക്കി.

ജി.സി.സി. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്‍സ് (ജി.എസ്.ഒ.) ഉത്തരവ് ജി.എസ്.ഒ.9/2013 പ്രകാരമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ മാത്രമേ രാജ്യത്തേക്ക് ഇറക്കുമതിചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഭക്ഷ്യോത്പന്നങ്ങളിലെ ലേബല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതാണിത്.പുതിയ ഉത്തരവ് നടപ്പാക്കാനായി കമ്പനികള്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഏഴുമാസത്തിലധികം സമയം നല്‍കിയിരുന്നതായും മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ജി.എസ്.ഒ.9/2013 ന്റെ ആദ്യ ഘട്ടത്തില്‍ ഉത്പന്ന വിവരങ്ങള്‍ ഇംഗ്ലീഷില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഉത്പന്നത്തിന്റെ പേര്, ചേരുവകള്‍, പോഷകഘടകം എന്നിവയെല്ലാം ഇംഗ്ലീഷില്‍ ലേബലില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. പിന്നീട് അറബിഭാഷയിലും ലേബലുകളില്‍ ഉത്പന്നത്തിന്റെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശംവന്നു.

അതെസമയം പഴങ്ങള്‍,പച്ചക്കറികള്‍,മീന്‍, മാംസം എന്നിവയെ പുതിയ ഉത്തരവില്‍ നിന്ന് ഒഴുവാക്കിയിട്ടുണ്ട്.