ഖത്തറില്‍ മീന്‍പിടിത്തക്കാര്‍ പ്രതിസന്ധിയില്‍

ദോഹ: രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വന്ന താല്‍ക്കാലിക ട്രേളിങ് നിരോധനവും മോശം കാലാവസ്ഥയും മീന്‍പിടുത്തക്കാര്‍ക്ക് ദുരിതമാകുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ന്ന പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് ഏപ്രില്‍ ഒന്നു മുതല്‍ മേയ് വരെ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് താത്കാലിക ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ മത്സ്യ തൊഴിലാളികളുടെ വരുമാനം ഗണ്യമായി കുറഞ്ഞു.

സാധാരണ ഓരോ ബോട്ടിനും പ്രതിമാസം പരമാവധി പത്തുതവണ കടലില്‍ മീന്‍ പിടിക്കാനുള്ള അനുമതിയുണ്ട്. നിരോധന കാലത്ത് മൂന്ന് തവണയില്‍ കൂടുതല്‍ കടലില്‍ പോകാന്‍ അനുമതിയില്ല. വല ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിന് നിരോധനമായതിനാല്‍ പരമ്പരാഗത രീതിയില്‍ കൈകൊണ്ട് നിര്‍മിച്ച വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനേ അനുമതിയുള്ളൂ.

രാജ്യത്തെ മീന്‍പിടിത്ത മേഖലയില്‍ ഏകദേശം പതിനായിരത്തോളം തൊഴിലാളികള്‍ ഉള്ളതില്‍ മൂവായിരത്തിലധികം പേരും ഏഷ്യക്കാരാണ്.