ഖത്തറില്‍ പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി

Untitled-1 copyദോഹ: ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്‌ അറസ്‌റ്റിലായ ഇന്ത്യക്കാരായ നാല്‌ മത്സ്യത്തൊഴിലാളികള്‍ ദോഹയില്‍ മോചിതരായി. കോടതി 80,000 റിയാല്‍ പിഴ ചുമത്തിയ ഇവര്‍ സ്‌പോണ്‍സര്‍ പിഴ അടക്കാന്‍ തയ്യാറാവാത്തതിനാല്‍ തടവിലാവുകയായിരുന്നു. സൗദിയില്‍ നിന്ന്‌ മത്സ്യ ബന്ധനത്തിന്‌ പുറപ്പെട്ട എല്‍.ജെറാള്‍ഡ്‌(38), ആര്‍.തിരുമുരുകന്‍(27), പി.വസീഗന്‍(33), ബോട്ട്‌ ക്യാപ്‌റ്റന്‍ ആര്‍. ശീലന്‍(38) എന്നിവരാണ്‌ മോചിതരായത്‌.

ഔദ്യോഗിക അനുമതിയില്ലാതെ ഖത്തറില്‍ പ്രവേശിച്ചതിനും മത്സ്യബന്ധനം നടത്തിയതിനുമാണ്‌ ജനുവരി ഏഴിന്‌ പുലര്‍ച്ചെ ഒരു മണിക്ക്‌ ഇവരെ തീരരക്ഷാസേന പിടികൂടിയത്‌.

ഓരോരുത്തര്‍ക്കും 20,000 റിയാല്‍ വീതം പിഴയടക്കണമെന്നാണ്‌ കോടതി വിധിച്ചത്‌. ഇത്രവലിയ തുക പിഴയായി വിധിച്ചത്‌ ഇത്‌ ആദ്യമായാണ്‌. സൗദി സ്വദേശിയായ സ്‌പോണ്‍സര്‍ പിഴയടക്കാന്‍ തയ്യാറായതോടെയാണ്‌ ഇവരുടെ മോചനം സാധ്യമായത്‌.