ഖത്തറില്‍ മത്സ്യത്തിന്‌ പൊള്ളുന്ന വില

Qatar fishദോഹ: ഖത്തറില്‍ മത്സ്യവിലയിന്‍ വന്‍ വിലക്കയറ്റം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‌ മത്സ്യബന്ധനം തടസപ്പെട്ടതാണ്‌ വിലക്കയറ്റതിന്‌ കാരണമായിരിക്കുന്നത്‌. മലയാളികള്‍ക്കും അറബികള്‍ക്കും ഇഷ്ടപ്പെട്ട എല്ലാ മീനുകളുടെയും വില കുതിച്ചുയരുകയാണ്‌. പല മത്സ്യങ്ങള്‍ക്കും 50 മുതല്‍ 200 ശതമാനം വരെയാണ്‌ വില വര്‍ദ്ധിച്ചിരി്‌ക്കുന്നത്‌.

കഴിഞ്ഞാഴ്‌ച വരെ 20 റിയാലുണ്ടായിരുന്ന അയക്കൂറയ്‌ക്ക്‌ ഇപ്പോള്‍ 45 റിയാലിന്‌ മുകളിലാണ്‌ വില. മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമാകട്ടെ മത്സ്യത്തിന്റെ വലുപ്പമനുസരിച്ച്‌ വില ഇതിലും അധികമാണ്‌. രണ്ടു ദിവസമായി മാര്‍ക്കറ്റിലെത്തിക്കൊണ്ടിരിക്കുന്ന ചൂരയ്‌ക്ക്‌ മാത്രമാണ്‌ അല്‍പ്പം വിലക്കുറവ്‌.

അറബികളുടെ ഇഷ്ട മത്സ്യമായ ഹമൂറിനും ഇപ്പോഴത്തെ വില 45 റിയാലിനു മുകളിലാണ്‌. ശൈത്യകാലത്ത്‌ ഒമന്‍ തീരങ്ങളില്‍ മത്സ്യ ലഭ്യതയുടെ കുറവാണ്‌ വിലക്കയറ്റത്തിന്‌ കാരണമെന്ന്‌ വ്യാപാരികള്‍ പറയുന്നു. മണിക്കൂറില്‍ 35 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയില്‍ കാറ്റ്‌ വീശുന്നതിനാല്‍ മീന്‍ പിടുത്തക്കാര്‍ കടലില്‍ ഇറങ്ങരുതെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. നാളെ ഉച്ചയോടെ കാറ്റിന്റെ ശക്തി കുറയുമെന്നും അടുത്ത ദിവസങ്ങളില്‍ മത്സ്യ ബന്ധനം സജീവമാകുമെന്നുമാണ്‌ റിപ്പോര്‍ട്ട്‌.