ഖത്തറില്‍ നിങ്ങള്‍ക്ക് കുടുംബ വിസ നിരസിക്കാനുള്ള കാരണം എന്ത്;അറിയാന്‍ വീഡിയോ കോള്‍ ചെയ്യാം

ദോഹ: രാജ്യത്തേക്ക് വരാന്‍ കുടുംബ വിസ നിരസിക്കപ്പെട്ടാല്‍ എന്ത് കൊണ്ട് എന്നതിന് ഉത്തരം ഇനി വീഡിയോ കോളിലൂടെ ലഭിക്കും. പ്രവാസികള്‍ക്ക് അല്‍ ഗരാഫയിലെ ഫാമിസി വിസ കമ്മിറ്റിയുമായി വീഡിയോ കോള്‍ വഴി കൂടിക്കാഴ്ച നടത്താനാണ് അവസരം ലഭിച്ചിരിക്കുന്നത്. അല്‍ വക്‌റ സേവന കേന്ദ്രത്തില്‍ നിന്നും വീഡിയോ കോള്‍ വഴി അധികൃതരോട് സംസാരിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുവഴി പ്രവാസികളുടെ സമയനഷ്ടം ഒഴിവാക്കാനും ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ കുടുംബ വിസ അപേക്ഷ നിരസിച്ചാല്‍ അതിന്റെ കാരണങ്ങള്‍ അറിയണമെങ്കില്‍ ഗരാഫയിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ നേരിട്ടെത്തി അന്വേഷിക്കണം. ഈ പുതിയ സൗകര്യം ഉപയോഗിക്കുന്നതിലൂടെ ഈ യാത്ര ഒഴിവാക്കാനും അതിലൂടെ സമയനഷ്ടം കുറയ്ക്കാനും സാധിക്കും.

അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടണമെന്ന് അല്‍ വഖ്‌റ സേവന കേന്ദ്രം മേധാവി ലഫ്. കേണല്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ താനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സേവനകേന്ദ്രം സന്ദര്‍ശിച്ചത് 18,538 പേരാണെന്നും അദേഹം പറഞ്ഞു.