Section

malabari-logo-mobile

ഖത്തറില്‍ തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്കുകള്‍ മുഖേന

HIGHLIGHTS : ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്കുകള്‍ മുഖേന. എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണമെന്ന്

imagesദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്കുകള്‍ മുഖേന. എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന തൊഴില്‍ ഭേദഗതി നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ശമ്പളം മാറ്റി അനുവദിക്കാത്ത തൊഴിലുടമയ്ക്ക് ഒരുമാസം തടവോ 2,000 മുതല്‍ 6,000 റിയാല്‍ വരെ പിഴയോ രണ്ടും കൂടിയോ ചുമത്തും. തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റമാണ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥ. 2004ലെ 14-ാംനമ്പര്‍ തൊഴില്‍ നിയമത്തിലെ 66, 145-ാം വകുപ്പുകളാണ് ഭേദഗതി ചെയ്ത് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യു പി എസ്) നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമീര്‍ ഭേദഗതി നിയമത്തില്‍ ഒപ്പുവച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയാലുടന്‍ പ്രാബല്യത്തിലാകും. പുതിയ സംവിധാനം നടപ്പാക്കുന്നതിന് കമ്പനികള്‍ക്ക് ആറുമാസത്തെ സാവകാശം ലഭിക്കും. ഭേദഗതി നിയമം യാഥാര്‍ഥ്യമാകുന്നതോടെ  ജി സി സിയില്‍ പൊതുമേഖലയെന്നോ സ്വകാര്യ മേഖലയെന്നോ വ്യത്യാസമില്ലാതെ  മുഴുവന്‍ തൊഴിലാളികള്‍ക്കും അക്കൗണ്ടിലൂടെ ശമ്പളം ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഖത്തര്‍ മാറും. നിയമം നടപ്പാക്കിയ ആദ്യരാജ്യം യു എ ഇയാണ്.
കഴിഞ്ഞ ജൂലൈയില്‍ നടന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍ നിയമത്തിലെ 66, 145-ാം വകുപ്പുകള്‍ ഭേദഗതിചെയ്ത് ഡബ്ല്യു പി എസ് കരട് നിയമം  പാസാക്കിയത്. ഈ ജനുവരി ആദ്യം ചേര്‍ന്ന മന്ത്രിസഭായോഗം അന്തിമ ഭേദഗതി നിയമത്തിന് അംഗീകാരം നല്‍കി.  തൊഴിലാളിക്ക് വേതനം പണമായി നേരിട്ടു നല്‍കാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന 66-ാം വകുപ്പ് ഭേദഗതി ചെയ്ത് തൊഴിലാളിക്കുള്ള ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് നിശ്ചിത സമയത്തിനുള്ളില്‍ മാറ്റണമെന്ന് വ്യവസ്ഥ ചെയ്തു. തൊഴില്‍ നിയമത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ചു വ്യക്തമാക്കുന്ന 145-ാം വകുപ്പ് ദേദഗതി ചെയ്ത് ശമ്പളം ബാങ്ക് മുഖേന നല്‍കാത്ത തൊഴിലുടമകള്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ വ്യവസ്ഥ ചെയ്യുന്നു. ഭേദഗതി നിയമം നടപ്പാകുന്നതോടെ രാജ്യത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ വാര്‍ഷിക, പ്രതിമാസ കരാര്‍ വ്യവസ്ഥകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള വേതനം ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണം. എല്ലാ മാസവും ആദ്യത്തെ ആഴ്ച അവരവരുടെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കണമെന്നതാണ് വ്യവസ്ഥ. ബാങ്കുകള്‍ക്കു പുറമെ ഫോറിന്‍ മണി എക്‌സ്‌ചേഞ്ചുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളിലൂടെയും ശമ്പളം നല്‍കാനാവും. മണിക്കൂര്‍ നിരക്കില്‍ പണിയെടുക്കുന്ന കരാര്‍ തൊഴിലാളികള്‍ക്കുള്ള വേതനം രണ്ടാഴ്ച കൂടുമ്പോള്‍ എ ടി എം മുഖേന നല്‍കണം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!